News Desk

2021-02-19 01:09:02 pm IST
ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാള്‍ ഉപയോഗിച്ച് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാറില്‍ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ ഇട്ടായിരുന്നു കൊലപാതകം. ഉടന്‍ തന്നെ അക്രമികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല.


അതേസമയം, കൊലപാതകത്തിന് പിന്നില്‍ ഭരണകക്ഷിയായ ടി.ആര്‍.എസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടി.ആര്‍.എസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികള്‍ തെലങ്കാന ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.

ടി.ആര്‍.എസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വന്‍ രാഷ്ട്രീയ വിവാദത്തിലാണ് ഇത് കലാശിച്ചത്. പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം നടന്നത്.

കൂടാതെ കസ്റ്റഡി മരണങ്ങള്‍ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താല്‍പര്യ ഹര്‍ജികള്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമന്‍ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top