News Desk

2021-05-02 08:52:55 pm IST

തിരുവനന്തപുരം: മധ്യകേരളത്തില്‍ മുന്‍തൂക്കം നേടിയത് എല്‍.ഡി.എഫ്. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ അഞ്ചു ജില്ലകളിലായി 53 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 36 ഇടത്ത് എല്‍.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും ജയിച്ചു. 

2016-ലെ തെരഞ്ഞെടുപ്പില്‍ 53 സീറ്റില്‍ 31 എണ്ണവും ഇടതിനൊപ്പമായിരുന്നു. 21 ഇടത്താണ് യു.ഡി.എഫ് ജയിച്ചത്. ഒരിടത്ത് സ്വതന്ത്രനായ പി.സി ജോര്‍ജും. എന്നാല്‍ പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് ഇത്തവണ തോറ്റു.

ഇടുക്കി ജില്ലയില്‍ അഞ്ചു സീറ്റില്‍ നാലിടത്ത് എല്‍.ഡി.എഫും ഒരിടത്തു യു.ഡി.എഫുമാണ് ജയിച്ചത്. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, ഇടുക്കി മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നിന്നു. തൊടുപുഴയില്‍ മാത്രം യു.ഡി.എഫ് വിജയിച്ചു.

2016-ല്‍ ഇടുക്കിയില്‍ മൂന്നിടത്ത് എല്‍.ഡി.എഫും രണ്ടിടത്തു യു.ഡി.എഫുമാണ് ജയിച്ചത്. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമായിരുന്നു. തൊടുപുഴയും ഇടുക്കിയുമാണ് യു.ഡി.എഫിനെ തുണച്ചത്.

കോട്ടയം ജില്ലയിലെ ഒമ്പതു സീറ്റില്‍ അഞ്ചെണ്ണം എല്‍.ഡി.എഫും നാലെണ്ണം യു.ഡി.എഫും നേടി. പി.സി ജോര്‍ജ് സ്വതന്ത്രനായി ജയിച്ച പൂഞ്ഞാര്‍ ഇടതുമുന്നണി പിടിച്ചെടുത്തു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍ എന്നിവയും എല്‍.ഡി.എഫ് നേടി. കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പാലാ എന്നിവയാണ് യു.ഡി.എഫിനൊപ്പം.

2016-ല്‍ ഒമ്പതു സീറ്റില്‍ ആറെണ്ണമാണ് യു.ഡി.എഫ് നേടിയത്. രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് സ്വതന്ത്രനുമാണ് ജയിച്ചത്. കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവ യു.ഡി.എഫിനൊപ്പമായിരുന്നു. വൈക്കവും ഏറ്റുമാനൂരും മാത്രമാണ് എല്‍.ഡി.എഫിനെ തുണച്ചത്. പൂഞ്ഞാറില്‍ സ്വതന്ത്രനായി പി.സി ജോര്‍ജ് ജയിച്ചു.

എറണാകുളം ജില്ലയില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. 14 സീറ്റില്‍ ഒമ്പതു എണ്ണമാണ് യു.ഡി.എഫ് നേടിയത്. അഞ്ചിടത്ത് എല്‍.ഡി.എഫ് വിജയിച്ചു. പറവൂര്‍, എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ് യു.ഡി.എഫിനൊപ്പം. വൈപ്പിന്‍, കൊച്ചി, കോതമംഗലം, കളമശേരി, കുന്നത്തുനാട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പവും.

2016-ല്‍ 14 സീറ്റില്‍ ഒമ്പത് എണ്ണമാണ് യു.ഡി.എഫ് നേടിയത്. അഞ്ചിടത്ത് എല്‍.ഡി.എഫ് ജയിച്ചു. പറവൂര്‍, എറണാകുളം, കളമശേരി, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട്, തൃക്കാക്കര, പിറവം മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പമായിരുന്നു. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനെ തുണച്ചു.

തൃശൂര്‍ ജില്ലയില്‍ 13 സീറ്റില്‍ 12 ഇടത്തും എല്‍ഡി.എഫ് വിജയിച്ചു. ഒരിടത്തു മാത്രം യു.ഡി.എഫ്. ചാലക്കുടി യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വടക്കാഞ്ചേരി അവര്‍ക്കു നഷ്ടമായി. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, കുന്നംകുളം, ചേലക്കര മണ്ഡലങ്ങള്‍ എല്‍ഡി.എഫിനൊപ്പം നിന്നു. 2016-ലും സമാന അംഗബലമായിരുന്നു. വടക്കാഞ്ചേരി മാത്രമാണ് അന്ന് യു.ഡി.എഫിനു ലഭിച്ചത്.

പാലക്കാട് ജില്ലയില്‍ 12 സീറ്റില്‍ 10 എണ്ണം എല്‍.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, തൃത്താല എന്നിവ എല്‍.ഡി.എഫിനെയും പാലക്കാട്, മണ്ണാര്‍കാട് എന്നിവ യു.ഡി.എഫിനെയും തുണച്ചു. കടുത്ത പോരാട്ടത്തില്‍ തൃത്താല എല്‍.ഡി.എഫ് പിടിച്ചെടുത്തു.

2016-ല്‍ 12 സീറ്റില്‍ ഒമ്പതു എണ്ണം എല്‍.ഡി.എഫും മൂന്നെണ്ണം യു.ഡി.എഫുമാണ് നേടിയത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളാണ് എല്‍.ഡി.എഫിനൊപ്പം നിന്നത്. തൃത്താല, പാലക്കാട്, മണ്ണാര്‍കാട് എന്നിവിടങ്ങള്‍ യു.ഡി.എഫിനെയും തുണച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top