News Desk

2021-04-08 03:43:48 pm IST
കണ്ണൂര്‍: ഉത്തര മലബാറില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ എസ്.എസ്.എഫ് പ്രവര്‍ത്തകനാണ് പാനൂരില്‍ കഴിഞ്ഞ ദിവസം കൊലക്കത്തിക്ക് ഇരയായ മന്‍സൂര്‍ എന്ന 22കാരന്‍.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മട്ടന്നൂരിലെ ഷുഹൈബ്, കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാന്‍ എന്നിവരും കാന്തപുരം എ.പി വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് കാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ ബീച്ച് റോഡില്‍ വെച്ച് 2020 ഡിസംബര്‍ 23ന് ഔഫിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 12ന് മട്ടന്നൂരില്‍ സി.പി.ഐ.എം- കോണ്‍ഗ്രസ് പ്രശ്‌നത്തിന്റെ പേരിലാണ് ഷുഹൈബിനെ സി.പി.ഐ.എമ്മുകാര്‍ വെട്ടിക്കൊന്നത്. 

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. 

ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top