News Desk

2021-03-09 07:11:52 pm IST
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ യു.ഡി.എഫ്. സീറ്റ് വിഭജനം നേരത്തേ പൂര്‍ത്തിയാക്കാനായിരുന്നു യു.ഡി.എഫിലെ ധാരണയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 

മുന്നണിയിലെ പ്രധാന കക്ഷികളായ ലീഗുമായും ജോസഫ് ഗ്രൂപ്പുമായും സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്താന്‍ കോണ്‍ഗ്രസിന് ആയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുസ്‌ലിം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് നല്‍കുമെന്നാണ് വിവരം. ലീഗ് ആവശ്യപ്പെട്ട പട്ടാമ്പി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പകരം കോങ്ങാട് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ലീഗ് ഇത് അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

പട്ടാമ്പി തരില്ലെങ്കില്‍ പേരാമ്പ്ര വേണ്ട. പകരം വിജയം ഉറപ്പുള്ള സീറ്റ് വേണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജോസഫ് ഗ്രൂപ്പുമായും സീറ്റുകളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതേസമയം, കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ വേണമെന്നാണ് ആര്‍.എസ്.പി ഉന്നയിക്കുന്നത്. 

ജോസഫ് ഗ്രൂപ്പിന്റെ പക്കലുള്ള ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നല്‍കാനാവില്ലെന്നാണ് പി.ജെ ജോസഫ് പറയുന്നത്. മൂവാറ്റുപുഴ വേണമെന്ന ജോസഫിന്റെ ആവശ്യവും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. 12 സീറ്റ് ജോസഫ് ചോദിക്കുന്നുണ്ടെങ്കിലും 10 സീറ്റ് നല്‍കി ജോസഫിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top