News Desk

2021-05-19 08:48:56 pm IST

ബെയ്‌റൂട്ട്: ലെബനന്‍ വിദേശകാര്യ മന്ത്രി ശര്‍ബല്‍ വഹ്ബയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് മിഷേല്‍ ഔന്‍. ചാനല്‍ ചര്‍ച്ചക്കിടെ ശര്‍ബല്‍ വഹ്ബ നടത്തിയ സൗദി, ഗള്‍ഫ് വിരുദ്ധ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗള്‍ഫ് രാജ്യങ്ങളാണ് മറ്റ് അറബ് രാജ്യങ്ങളിലേക്ക് ഐഎസ് ഭീകരരെ അയക്കുന്നതെന്നായിരുന്നു ലെബനന്‍ പ്രവാസികാര്യ മന്ത്രി കൂടിയായ ശര്‍ബല്‍ വഹ്ബയുടെ പ്രസ്താവന. ചര്‍ച്ചയില്‍ പങ്കെടുത്ത സൗദി രാഷ്ട്രീയ നിരീക്ഷകന്‍ സല്‍മാന്‍ അല്‍ അന്‍സാരിയെ അധിക്ഷേപിക്കുന്ന തരത്തില്‍ 'ബദു' എന്നു വിശേഷിപ്പിക്കുകയും ചെയ്തു ഇദ്ദേഹം.

സൗദി രാഷ്ട്രീയ നിരീക്ഷകനെ അധിക്ഷേപിച്ചത് ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും അവഹേളിക്കുന്നതിനു തുല്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ചരിത്ര പരമായ ബന്ധത്തെ മറക്കുന്നതും ലളിതമായ നയതന്ത്ര മാനദണ്ഡങ്ങളെ ലംഘിക്കുന്നതുമാണ്. നിന്ദ്യമായ പ്രസ്താവനയെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായും സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 

സംഭവത്തെ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ലെബനന്‍ അംബാസഡര്‍മാരെ വിളിച്ച് ഔദ്യോഗിക പരാതികള്‍ നല്‍കി. ലെബനന്‍ വിദേശകാര്യ മന്ത്രിയുടെ തരംതാണ പ്രസ്താവനയെ തള്ളിക്കളയുന്നതായും ഗള്‍ഫ് ജനതയോടും ഭരണകൂടങ്ങളോടെയും അദ്ദേഹം മാപ്പ് പറയണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്റഫ് പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top