News Desk

2021-02-17 01:21:11 pm IST

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കന്‍ അഭിഭാഷകരുടെ കത്ത്. ദക്ഷിണേഷ്യന്‍ വംശജരായ 40-തോളം അഭിഭാഷകരാണ് കത്തെഴുതിയത്. സമരത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന അക്രമങ്ങളിലും നിയമവിരുദ്ധ തടങ്കലിലും സെന്‍സര്‍ഷിപ്പിലും ആശങ്കയറിയിച്ചാണ് കത്ത്.

ഇത്തരം നടപടികളെ അമേരിക്ക അപലപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയോട് പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും കര്‍ഷകരോടൊപ്പം ഐക്യദാര്‍ഢ്യപ്പെടാനും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. 

കൊവിഡ് കാലത്ത് മതിയായ ചര്‍ച്ചകളില്ലാതെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കായി ചുട്ടെടുത്തതാണ് കാര്‍ഷിക നിയമങ്ങളെന്നു കത്തില്‍ പറയുന്നു. ഈ ജനാധിപത്യ വിരുദ്ധ നീക്കം സമീപകാലത്തു ഇന്ത്യ കണ്ട ഏറ്റവും പ്രതിഷേധത്തിന് കാരണമായെന്നും കത്തില്‍ പറയുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടുക, ഇന്റര്‍നെറ്റ് നിരോധനം, പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്, ആക്ടിവിസ്റ്റുകളെ യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ തുടങ്ങിയവ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

പൗരത്വ നിയമ വിരുദ്ധ സമരത്തെ നേരിട്ട രീതി ഇതിലും തുടരുകയാണെന്നും അവര്‍ പറഞ്ഞു. 'നിങ്ങള്‍ അധികാരത്തിലേറിയത് ഇന്ത്യയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ അപകടത്തിലായ സന്ദര്‍ഭത്തിലാണ്', കത്തില്‍ പറയുന്നു.

'ഇന്ത്യയുടെ നടപടികള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ മാത്രമല്ല, ജീവിക്കാനും സ്വാതന്ത്ര്യത്തിനും നിയമപരമായ കൂട്ടംചേരല്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്.', കത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അപലപിക്കാന്‍ ആവശ്യപ്പെടുന്ന കത്തില്‍ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നിരീക്ഷിക്കാന്‍ ഒരു അന്താരാഷ്ട്ര വേദി നിര്‍മ്മിക്കാനും അഭ്യര്‍ത്ഥിക്കുന്നുണ്ട്. വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top