News Desk

2021-04-24 09:35:39 pm IST
 നാഗ്പൂര്‍:  മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 

വാരാന്ത്യ ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ജില്ലയിലെ മദ്യ വില്‍പ്പന ശാലകളെല്ലാം പൂട്ടിയിരുന്നു. ഇതോടെ മദ്യം കിട്ടാതെ വന്നതോടെ ഒരു സംഘം യുവാക്കള്‍  സാനിറ്റൈസര്‍ വാങ്ങി കുടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ദിവസവേതനക്കാരായ തൊഴിലാളികളാണ്.

30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളോട് പറഞ്ഞ് ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കള്‍ അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു പാര്‍ട്ടി നടത്തിയത്. എന്നാല്‍ സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഓരോരുത്തരായി ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ഇവരെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായി വാനി പൊലീസ് അറിയിച്ചു. ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നും ഇതുസംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യവത്മാല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top