News Desk

2021-05-07 09:00:12 pm IST

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ വീണ്ടും തുടങ്ങുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പൊലീസില്‍നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

രോഗമുള്ളവരുടെയും ക്വാറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. ഇവര്‍ക്ക് വാക്സിനും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപത്രത്തോടെ പുറത്തു പോകാം. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ വണ്ടി പിടിച്ചെടുക്കുക മാത്രമല്ല കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കും. 

ചിലയിടങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ വഴി ഭക്ഷണം എത്തിക്കാന്‍ കഴിയും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

18-45 വയസിന് ഇടയിലുള്ളവരുടെ വാക്‌സിനേഷനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ വളരെ ചെറിയ ഭാഗം വാക്‌സിന്‍ മാത്രമേ ഈ മാസം കിട്ടാന്‍ സാധ്യതയുള്ളു. ഇവ കിട്ടുന്ന മുറയ്ക്ക് മുന്‍ഗണന അനുസരിച്ച് വിതരണം ചെയ്യും. കേന്ദ്രവുമായി തുടര്‍ന്നും ബന്ധപ്പെട്ട് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പുതിയ നിര്‍ദേശങ്ങള്‍ ഇവയാണ്


ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. 

അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യില്‍ കരുതണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗിയെ കാണല്‍ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാന്‍ അനുവാദമുള്ളൂ. കാര്‍മ്മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നിര്‍ബന്ധമാണ്. 

റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്. 

വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. 
ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.

അതിഥി തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരന്‍ നല്‍കണം.

ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top