റിയാദ്: സൗദിയിലേയ്ക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കെ സൗദിയിലേക്ക് വാക്സിന് കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രവാസികള്‍. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അഞ്ചു മാസത്തിലേറെയായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി. ഇത് ലക്ഷക്കണക്കിന് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദിയിലേക്ക് കൊവിഡ് വാക്സിന് അയക്കുന്നത് എന്തിനെന്നാണ് പ്രവാസികളുടെ ചോദ്യം.
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ക്ഷമ കെട്ട ഇന്ത്യന്‍ പ്രവാസികള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യക്കാരുടെ യാത്രയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയിട്ടു മതി സൗദിയിലേക്ക് വാക്സിന് കയറ്റി അയക്കലെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആസ്ട്രസെനെക്ക വാക്സിനാണ് സൗദിയിലേക്ക് കയറ്റി അയക്കുന്നത്.
'ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സൗദി നടപടിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് വാക്സിന് കൊടുക്കാന്‍ പാടില്ല'., ഇന്ത്യന്‍ എംബസി ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രവാസികളിലൊരാള്‍ കുറിച്ചു.
'രാപ്പകല്‍ ഭേദമില്ലാതെ ഞങ്ങള്‍ അധികൃതരോട് സഹായത്തിനായി അപേക്ഷിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാതെ അവര്‍ക്ക് വാക്സിന് നല്‍കാനാണ് ഇന്ത്യയ്ക്ക് താല്പര്യം.'- പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെ ഉത്തര്‍പ്രദേശ് എഞ്ചിനീയര്‍ എഎഫ്പിയോട് പറഞ്ഞു.
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സ്വീഡിഷ് കമ്പനി ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ആസ്ട്രാസെനെക്കയുടെ ഒരു കോടി ഡോസുകളാണ് ഇന്ത്യ സൗദിയിലേക്ക് കയറ്റി അയക്കുന്നത്. ഇക്കാര്യം ഇന്ത്യന്‍ അംബാസഡര്‍ അറബ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
സൗദിയില്‍ വാക്സിന് വിതരണം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സമയത്താണ് വാക്സിന് വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ സൗദിയില്‍ വിതരണം ചെയ്യുന്ന ഫൈസര്‍ വാക്സിന്റെ ലഭ്യത കുറഞ്ഞതിനാല്‍ രാജ്യത്ത് വാക്സിന് വിതരണം മുടങ്ങിയിരിക്കുകയാണ്. വാക്സിന്റെ വരവ് നിലച്ചതു കാരണം ഒന്നാം ഡോസെടുത്ത പലര്‍ക്കും രണ്ടാം ഡോസ് നല്കാനാവാതെ പ്രതിസന്ധിയിലാണ് സൗദി അധികൃതര്‍.
അതേസമയം, യാത്രാ നിരോധനം നീക്കാന്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ പല ഇടപെടലുകളും നടത്തിയെങ്കിലും സൗദി വഴങ്ങിയിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം ആരോഗ്യ രംഗത്തെ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്നാണ് സൗദിയുടെ പക്ഷം.
എന്നാല്‍, ഇന്ത്യയിലെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ അടുത്തകാലത്തായി ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യയെക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകളുള്ള രാജ്യങ്ങളെ സൗദി വിലക്കിയിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും അംഗീകരിക്കാന്‍ സൗദി തയ്യാറായിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അവസരമുണ്ടായിട്ടില്ല.
എന്നാല്‍ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള പ്രവാസികള്‍ ദുബൈ ഉള്‍പ്പെടെയുള്ള മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പോയിരുന്നു. ശരാശരി സാമ്പത്തിക ശേഷി മാത്രമുള്ള പ്രവാസികള്‍ക്ക് ഈ ചെലവ് താങ്ങാനായെന്നു വരില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം സമ്പൂര്‍ണ യാത്രാവിലക്ക് പ്രഖ്യാപിച്ച് സൗദി പുറത്തിറക്കിയ 20 രാജ്യങ്ങളില്‍ ഇന്ത്യ കൂടി ഉള്‍പ്പെട്ടതോടെ ആ വഴിയും അടയുകയായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ