News Desk

2021-06-09 07:48:57 pm IST

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ജൂണ്‍ 11-ഓടു കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

താരതമ്യേന ദുര്‍ബലമായിരിക്കുന്ന മണ്‍സൂണ്‍ ശക്തമാവാന്‍ ഇത് കാരണമാകും. ജൂണ്‍ 11 മുതല്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിച്ചേക്കും.

ജൂണ്‍ 11- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 

ജൂണ്‍ 12- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 13- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. 

കേരള തീരത്ത് ജൂണ്‍ 10 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 11 മുതല്‍ ജൂണ്‍ 13 വരെ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top