News Desk

2021-03-07 09:06:52 pm IST
ലുധിയാന: ലുധിയാനയില്‍ അയല്‍ക്കാരന്റെ കുഞ്ഞു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. ലുധിയാനയിലെ രാജീവ്ഗാന്ധി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ശൈലേന്ദ്രകുമാറാണ് (23) ശിവ്ശങ്കര്‍ തിവാരി- മീനു തിവാരി ദമ്പതിമാരുടെ മക്കളായ രജ്നീഷ് (6) മനീഷ് (8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. 

മീനു തിവാരി വീടിന്റെ പിന്‍ഭാഗത്ത് ജോലിചെയ്യുന്നതിനിടെയാണ് ശൈലേന്ദ്രകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടികളുടെ കഴുത്തറുത്തത്. നിലവിളി കേട്ട് യുവതി ഓടിയെത്തിയെങ്കിലും ഇവരെ മര്‍ദിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രതി സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടികളെയും യുവതിയെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ ഉള്ളില്‍ നിന്നടച്ചതിനാല്‍ വീടിനകത്ത് പ്രവേശിക്കാനായില്ല. തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. ചോരയില്‍കുളിച്ചുകിടന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അയല്‍ക്കാരിയായ മീനു തിവാരിയോട് ശൈലേന്ദ്രകുമാറിന് പ്രണയമായിരുന്നുവെന്നും എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഇവരെ ഉപദ്രവിച്ച ശൈലേന്ദ്രകുമാറിനെ ശിവ്ശങ്കര്‍ മര്‍ദിച്ചിരുന്നു. 

വെള്ളിയാഴ്ച ശൈലേന്ദ്രകുമാര്‍ യുവതിക്ക് നേരേ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതോടെ ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാകുകയും അശ്ലീല ആംഗ്യം കാണിച്ചതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ശിവ്ശങ്കര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇതിന്റെ പകയിലാണ് യുവാവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top