News Desk

2021-05-29 12:05:16 pm IST
ദോഹ: വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചും അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. ജൂണ്‍ ഒന്നു മുതലാണ് രാജ്യത്ത് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍ വരുന്നത്.

ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സമീപഭാവിയില്‍തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഈ മാതൃക പിന്‍പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടന പ്രതിനിധി അറിയിച്ചു.

തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തൊഴിലുടമകളുടെ പ്രഥമ കര്‍ത്തവ്യമാണ്. കനത്ത ചൂടില്‍നിന്നും തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള ഖത്തര്‍ ഭരണകൂട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചൂട് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളില്‍നിന്ന് അവര്‍ക്ക് സുരക്ഷ നല്‍കാന്‍ തീരുമാനം സഹായിക്കുമെന്നും ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ലോയേഴ്‌സ് റോബര്‍ട്ടോ സുവാരസ് പറഞ്ഞു.

തൊഴില്‍ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഖത്തര്‍ സര്‍ക്കാറിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനമെന്നും ഉച്ചവിശ്രമ സമയം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഷാരോണ്‍ ബാരോ പറഞ്ഞു.

തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ 2021ലെ 17ാം നമ്പര്‍ തീരുമാന പ്രകാരം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കണം. രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെയാണ് വിശ്രമം അനുവദിക്കേണ്ടതെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top