News Desk

2021-03-15 04:44:05 pm IST
ദുബൈ: തൃശൂര്‍ കൈപ്പമംഗലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ശോഭാ സുബിനെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരിക്കുന്നത്. യു.എ.ഇയിലെ മികച്ച ഉദ്യോഗം വിട്ടെറിഞ്ഞാണ് പ്രവാസിയായ അദ്ദേഹം ജനസേവനത്തിനായി നാട്ടിലെത്തിയത്. 

ദുബൈയില്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലി രാജിവെച്ചത്. പ്രവാസിയാകുന്നതിന് മുന്‍പ് നാട്ടില്‍ കെ.എസ്.യുവില്‍ സജീവമായിരുന്നു. തിരിച്ചു ചെന്ന് എല്‍.എല്‍.ബി പഠിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു പദ്ധതി. എന്നാല്‍ അടുത്ത കൂട്ടുകാരടക്കം മിക്കവരും ഇതിനെ എതിര്‍ത്തിരുന്നെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ശോഭാ സുബിന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി തീരുമാനത്തിന് പൂര്‍ണ പിന്തുണയും ആശംസയും നല്‍കിയിരുന്നു. 

ശോഭാ സുബിന്റെ സഹപ്രവര്‍ത്തകനായിരുന്ന രാഗേഷ് പനക്കല്‍ ഇക്കാര്യം വിശദീകരിച്ച് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വായിക്കാം. 

''ദുബൈ ലുലുവിലെ ജോലി വിട്ട് ഞാന്‍ ഖത്തറിലെത്തിയ നാളുകള്‍. ഒരു ദിവസം രാത്രി വൈകി ദുബൈയില്‍ നിന്നും സുപ്പന്റെ കോള്‍ 'ജോലി വിടാന്‍ തീരുമാനിച്ചൂട്രാ...ഇങ്ങിനെ ജോലി ചെയ്തു കുറെ കാശ് ഉണ്ടാക്കിയിട്ട് ജീവിതത്തിന് എന്താ ഒരു അര്‍ഥം ? ഈ നാട്ടില്‍ ജീവിച്ചു മരിച്ചിട്ട് നമ്മള്‍ എന്താ ശരിക്കും ബാക്കി വെക്കേണ്ടത് ? കുറെ ബാങ്ക് ബാലന്‍സോ ? അതോ നമ്മുടെയും ഏറ്റവും അടുത്തവരുടെയും മാത്രം സന്തോഷമോ ?ഞാന്‍ ശരിക്കും കിളി പോയി നില്‍ക്കുവാണ്. മാസം ഏതാണ്ട് 40000 രൂപാ കിട്ടുന്ന പണി കളയുന്ന കാര്യമാണ് മച്ചാന്‍ ഈസിയായി ഈ പറയുന്നത്.'നീയെന്താ ഉദ്ദേശിക്കുന്നത്?' എന്റെ നിഷ്‌കു ചോദ്യം.

'എനിക്ക് ഇനിയും പഠിക്കണം. എല്‍.എല്‍.ബി ചെയ്യണം. പഴയ പോലെ രാഷ്ട്രീയത്തില്‍ സജീവമാകണം. നാട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. ഞാന്‍ ഈ നാട്ടില്‍ ജീവിച്ചിരുന്നൂ എന്നതിന് എന്തെങ്കിലും അടയാളങ്ങള്‍ എനിക്ക് ബാക്കിയാക്കണം'.'എന്നിട്ട് റിസൈന്‍ ലെറ്റര്‍ കൊടുത്തോ?' എന്റെ അങ്കലാപ്പ് അതായിരുന്നു. 'കൊടുത്തു. മലയാളത്തില്‍ എഴുതിയ ലെറ്റര്‍ കണ്ട് യൂസഫ് ഭായ് നേരിട്ട് ഹെഡ് ഓഫിസിലേക്കു വിളിപ്പിച്ചു'. 'എന്നിട്ട്?'  നല്ലതു കിട്ടിക്കാണും (ഞാന്‍ മനസ്സിലുറപ്പിച്ചു).

'എന്നിട്ടെന്താ...ആള്‍ക്ക് കത്ത് വായിച്ചിട്ട് എന്നെ ശരിക്കും അങ്ങ് ബോധിച്ചു. ആദ്യമായിട്ടാണ് ഈ ആവശ്യം പറഞ്ഞു ഒരാള്‍ ജോലി വിട്ടു പോകുന്നതെന്നും പറഞ്ഞു'. അത് ശരി ,അപ്പൊ യൂസഫ് ഭായ്ക്കും വട്ടായോ ? ഞാന്‍ വീണ്ടും കണ്‍ഫ്യുഷനിലായി.'എനിക്ക് എന്നിട്ട് മൂപ്പര്‍ ഒരു ലെറ്ററും ഒപ്പിട്ടു തന്നു. എന്ന് വേണമെങ്കിലും ജോലിക്ക് തിരികെ കയറാനുള്ള ഒരു കത്ത്. ഒപ്പം ഒരു 2000 ദിര്‍ഹംസും കൂടി എടുത്ത് കയ്യില്‍ തന്നു...പോയി നന്നായി വരാനും പറഞ്ഞു സന്തോഷത്തോടെ കെട്ടിപ്പിടിച്ചിട്ടാണ്  വിട്ടത് 'അല്ലേലും ഞാനല്ലേ മണ്ടന്‍...യൂസഫ് ഭായ് കൈവെച്ചത് ഒന്നും ഇതുവരെ പാഴായിട്ടില്ലല്ലോ ..! പിന്നീട് നടന്നത് ഒരു സിനിമാ കഥ പോലെ സംഭവ ബഹുലമാണ്. അടുത്ത വര്‍ഷം എസ്.എഫ്.ഐ കോട്ടയായ തൃശൂര്‍ ലോ കോളേജില്‍ നിന്നും യു.യു.സി ആയി ജയിച്ചു കയറിയ ഒരേയൊരു കെ.എസ്.യുക്കാരന്‍ ഈ പ്രവാസിയായിരുന്നു. വൈകാതെ കെ.എസ്.യു ജില്ലാ പ്രസിഡന്റായി, തൃശൂരിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവന്‍ അവരുടെ പ്രിയപ്പെട്ട ശോഭേട്ടനായി. നാട്ടില്‍ നടന്ന എല്ലാ ലാത്തി ചാര്‍ജിലും ഓടി നടന്നു ഹാജര്‍ വെച്ച് തല്ലു വാങ്ങി അവരുടെ സ്വന്തം ലീഡറായി, പോരാളിയായി! 

കെ.എസ്.യുവില്‍ നിന്നും അധികം വൈകാതെ തന്നെ യൂത്ത് കോണ്‍ഗ്രസിലേക്ക്. സ്വന്തം പാര്‍ട്ടിയിലെയും നാട്ടിലുള്ള മറ്റു വിഷ ജീവികളുടെയും ആക്രമണത്തെ അതി ജീവിച്ചു നാട്ടികയുടെ പിണറായി വിജയനായ കെ.വി. പീതാംബരേട്ടനെ തോല്‍പ്പിച്ചു നേടിയ ജില്ലാ പഞ്ചായത്തു മെമ്പര്‍ സ്ഥാനം എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കുഞ്ഞു പ്രായത്തിലേ തന്നെ അനാഥനാകേണ്ടി വന്ന അവന് ജീവിതത്തില്‍ എന്നും ഒരു താങ്ങാകാന്‍ പ്രണയ സഖിയുമായുള്ള വിവാഹവും അതിനിടയില്‍ സംഭവിച്ചു. അതാകട്ടെ  മതത്തിന്റെ വേലിക്കെട്ടുകള്‍ സ്‌നേഹം കൊണ്ട് മാത്രം തകര്‍ത്തെറിഞ്ഞുള്ള, നാടറിഞ്ഞ, എന്നാല്‍ തികച്ചും മാതൃകയായ ഒരു ലളിത വിവാഹം. കോവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ പോലും നാട്ടുകാര്‍ക്കു വേണ്ടിയുള്ള നെട്ടോട്ടം അവന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. 

ഇന്നിതാ അവന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൈപ്പമംഗലം എന്ന കര്‍മ്മ ഭൂമികയില്‍ നിന്ന് അവന്‍ ജനവിധി തേടുന്നു. എതിരാളി ടൈസനാണ്. പക്ഷേ, ജീവിതത്തിലെ ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ വളരെ വലിയ പ്രഹരങ്ങള്‍ നേരിട്ടും അവ അതിജീവിച്ചും ശീലിച്ച അവനെ ഈ എതിരാളിയും ഒട്ടും ഭയപ്പെടുത്താനിടയില്ല. ഈ ബോക്‌സിങ് റിങ്ങില്‍ ഒടുവില്‍ കൈ ഉയര്‍ത്തേണ്ടത് അവനായിരിക്കണം എന്നാഗ്രഹിക്കുന്നു. അവനോളം നന്മയും സത്യസന്ധതയും ആവേശവും വേറൊരാളിലും ഇന്നോളം കാണാത്തതു കൊണ്ടുള്ള ഒരു സ്വാര്‍ഥത കൊണ്ടാണെന്ന് തന്നെ കൂട്ടിക്കോളൂ. ഇനി കൈപ്പമംഗലവും ശോഭിക്കട്ടെ. പടരട്ടെ ശോഭ, നിറയട്ടെ സ്‌നേഹം'.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top