ദുബൈ: ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയാണ് യൂസഫലിക്കുള്ളത്.
ആഗോളതലത്തില്‍ 589-ാം സ്ഥാനവും ഇന്ത്യയില്‍ 26-ാം സ്ഥാനവുമാണ് യൂസഫലിക്കുള്ളത്.
കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.
330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്.ഡി ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍), ടി.എസ് കല്യാണരാമന് (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.
അതേസമയം, 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. 4.5 ബില്യണ്‍ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയര്മാന് ഗൗതം അദാനിയും എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 140 ആയി ഉയര്‍ന്നെന്ന് ഫോബ്സ് അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന വ്യക്തിയായ മുകേഷ് അംബാനി തന്റെ എണ്ണ, വാതക സാമ്രാജ്യങ്ങള്‍ വിപുലീകരിക്കുകയും ടെലികോം, റീട്ടെയില്‍ മേഖലകളിലേക്ക് കാലെടുത്ത് വെക്കുകയും ചെയ്താണ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
രണ്ടാം സ്ഥാനത്തുള്ള പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളുടെ ആസ്തി 42 ബില്യണ്‍ ഡോളറാണ്. 2020 മുതല്‍ അദാനിയുടെ സമ്പത്ത് അഞ്ചിരട്ടിയായി വര്‍ധിച്ചെന്നാണ് ഫോബ്സ് പറയുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസിന്റെ ദിലീപ് സാങ്വിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 12.7 ബില്യണ്‍ ഡോളറാണ് പുനാവാലയുടെ ആസ്തി. ഇവര്‍ക്കു പുറമേ കുമാര്‍ ബിര്‍ല, ഉദയ് കൊടാക്, ലക്ഷ്മി മിത്തല്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക