News Desk

2021-04-12 03:20:09 pm IST

ദുബൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലേക്കു തിരിച്ചത്.

അബുദാബി രാജകുടുംബം അയച്ച ഇത്തിഹാദിന്റെ പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിലുള്ള അദ്ദേഹം ദുബൈ സിലിക്കണ്‍ ഓയാസീസില്‍ തുറക്കുന്ന ലുലുവിന്റെ 209-ാമത് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. 

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി ക്യാമ്പസിനോട് ചേര്‍ന്നുള്ള ചതുപ്പിലേക്ക് ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു.

ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലായിരുന്നു ഹെലികോപ്റ്റര്‍. 

അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇവര്‍ യു.എ.ഇയിലേക്ക് മടങ്ങിയത്.

ഹെലിക്കോപ്റ്റര്‍ ചതുപ്പില്‍ നിന്ന് നീക്കി അറ്റകുറ്റപ്പണികള്‍ക്കായി നെടുമ്പശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളും അറ്റകുറ്റ പണി നടത്തുന്ന കമ്പനിയാണ് ഈ ജോലികള്‍ ചെയ്തത്. സിയാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. 

അപകട കാരണം സ്ഥിരീകരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിച്ച ശേഷമുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top