News Desk

2021-02-05 05:12:49 pm IST

വാഷിംഗ്ടണ്‍: ഇറാനുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചര്‍ച്ചചെയ്യാമെന്ന അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. സത്യസന്ധമായ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് മാക്രോണ്‍ പറഞ്ഞു.

സൗദി അറേബ്യയും ഇസ്രായേലും ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഭാഗമാകണമെന്ന മുന്‍ നിലപാടും മാക്രോണ്‍ ആവര്‍ത്തിച്ചു. മക്രോണ്‍ ഈ ആവശ്യം നേരത്തെ ഉന്നയിച്ചപ്പോള്‍ ഇറാന്‍ അത് തള്ളിക്കളയുകയാണുണ്ടായത്. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്‍ അറിയിച്ചത്.

''ആണവ കരാറില്‍ തിരികെയെത്താന്‍ ഏതെങ്കിലും വിധത്തില്‍ എനിക്ക് സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അതെല്ലാം ഞാന്‍ ചെയ്യും. ഏത് വിധത്തിലുള്ള സംഭാഷണത്തിനും ഞാന്‍ ഉണ്ടാകും. ഞാന്‍ മുമ്പും അതിനെല്ലാം തയ്യാറായിരുന്നു. ഈ ചര്‍ച്ചയില്‍ സത്യസന്ധനും ഉത്തരവാദിത്തമുള്ളതുമായ മധ്യസ്ഥനാകാന്‍ ഞാന്‍ തയ്യാറാണ്,'' മാക്രോണ്‍ പറഞ്ഞു.

നേരത്തെ യു.എസ് ആണവ കരാറില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന്റെ ആണവശാസ്ത്രജ്ഞനായ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നാലെയും യുറേനിയും സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഉപരോധം അവസാനിപ്പിക്കാത്ത പക്ഷം യുറേനിയം സമ്പൂഷ്ടീകരണം ഇനിയും കൂട്ടുമെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്.

2015-ലെ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതുവരെ ഇറാനേര്‍പ്പെടുത്തിയ ഉപരോധം നീക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞിരുന്നു.

ജൂണില്‍ ഇറാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതില്‍ ഇനിയും സമയമെടുത്തേക്കാമെന്ന് ബ്ലിങ്കണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

2015-ല്‍ ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്. ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് വിളിച്ച കരാറില്‍ നിന്ന് 2018-ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇറാന് അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top