News Desk

2021-03-25 03:50:59 pm IST

പാരീസ്: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഒരിടവേളക്ക് ശേഷമാണ് തുര്‍ക്കി, ഫ്രാന്‍സ് തര്‍ക്കങ്ങള്‍ വീണ്ടും സജീവമാകുന്നത്. അടുത്ത വര്‍ഷം ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാക്രോണിന്റെ വിമര്‍ശനം വരുന്നത് എന്നതും ശ്രദ്ധേയമാണ്. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അനാവശ്യ ഇടപെടല്‍ നടത്താനുള്ള തുര്‍ക്കിയുടെ നടപടി വകവെച്ച് കൊടുക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സിലെ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള തുര്‍ക്കിയുടെ ആരോപണങ്ങളാണ് മാക്രോണിനെ ചൊടിപ്പിച്ചിരിക്കുന്നത്. 

''അങ്കാറയില്‍ നിന്നുള്ള ആളുകളുടെ പെരുമാറ്റം ശരിയായ രീതിയില്‍ അല്ലെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് തടസ്സമാകും.'', മാക്രോണ്‍ പറഞ്ഞു. തെരഞ്ഞടുപ്പില്‍ ഇടപെടാനുള്ള എര്‍ദോഗാന്റെ ശ്രമങ്ങള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവുമായി എര്‍ദൊഗാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചായിരുന്നു എര്‍ദൊഗാന്റെ ആഹ്വാനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാംപയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്‍ദൊഗാന്‍ അങ്കാരയില്‍ നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

മുസ്ലിങ്ങള്‍ക്കെതിരെയുള്ള പ്രചാരണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ആവശ്യപ്പെടണമെന്നും എര്‍ദൊഗാന്‍ പറഞ്ഞിരുന്നു.

ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് പരസ്യമായി വിലക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മാക്രോണിന്റെ മാനസികനില പരിശോധിക്കണമെന്ന് എര്‍ദൊഗാന്‍ പരിഹസിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top