News Desk

2021-02-28 10:56:13 pm IST
ദുബൈ: മഹാ ശിവരാത്രി ദിനത്തോടനുബന്ധിച്ച് ദുബൈയിലെ ഹിന്ദു ക്ഷേത്രം അടച്ചിടും. കൊവിഡ് വ്യാപനം തടയാനാണ് ഈ നടപടി. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ഗുരുദര്‍ബാര്‍ സിന്ധി ക്ഷേത്രത്തിന്റെ മാനേജ്മെന്റ് ഭക്തരോട് ക്ഷേത്ര പരിസരം സന്ദര്‍ശിക്കരുതെന്ന് അഭ്യര്‍ഥിച്ചു.

കൊവിഡ് പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി മാര്‍ച്ച് 12 വെള്ളിയാഴ്ച മഹാ ശിവരാത്രി ദിനത്തില്‍ ക്ഷേത്ര വാതിലുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ഭക്തരുടെയും സുരക്ഷയ്ക്കായുള്ള നടപടിയായാണ് മാനേജ്മെന്റ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.

നിലവില്‍ എല്ലാ ദിവസവും ഒരു മണിക്കൂര്‍ മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ. പൂജ നടത്തുന്നതിനായി രാവിലെ അരമണിക്കൂറും വൈകുന്നേരം അരമണിക്കൂറുമാണ് ക്ഷേത്രം തുറക്കുന്നെന്ന് ക്ഷേത്ര ട്രസ്റ്റി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ക്ഷേത്രങ്ങളില്‍ കൊണ്ടാടുന്ന ഏറ്റവും വലിയ ഉത്സവാഘോഷമാണ് ശിവരാത്രി. കൊവിഡ് മഹാമാരിയ്ക്ക് മുമ്പുള്ള എല്ലാ വര്‍ഷവും പുലര്‍ച്ചെ മുതല്‍ 50,000 മുതല്‍ 60,000 വരെ ഭക്തര്‍ ഇവിടെ എത്തിയിരുന്നു.

ആഘോഷങ്ങള്‍ റദ്ദാക്കാന്‍ ഔദ്യോഗികമായി അധികൃതര്‍ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും ജാഗ്രതയോടെയും കരുതലോടെയും ക്ഷേത്രം അടച്ചിടാന്‍ ക്ഷേത്ര മാനേജ്മെന്റ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top