News Desk

2021-03-09 05:06:42 pm IST

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേനെയുടെ മരണം കൊലപാതകമാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്) യുടെ നിഗമനം. 

ആസൂത്രിതമായാണ് മന്‍സൂഖിനെ കൊലപ്പെടുത്തിയതെന്ന് എ.ടി.എസ് പറയുന്നു. ടവ്വലുകള്‍ വായില്‍ തിരുകി അതിനു മുകളില്‍ മാസ്‌കിട്ട നിലയിലാണ് താനെയിലെ രേതി ബന്ദര്‍ കടലിടുക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് എ.ടി.എസിന്റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയോ ചെയ്തില്ല. 

വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീര്‍ക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായില്‍ ടവ്വലുകള്‍ തിരുകിയതെന്നും കരുതുന്നു. മന്‍സുഖിന്റെ മൃതദേഹം ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്.

മന്‍സുഖിനെ കാണാതായ വ്യാഴാഴ്ച രാത്രി 10-ന് അദ്ദേഹത്തിന്റെ ഒരു മൊബൈല്‍ ഫോണ്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തില്‍വെച്ചും മറ്റൊരു മൊബൈല്‍ ഫോണ്‍ ഈ പ്രദേശത്ത് നിന്ന് 10 കിലോമീറ്റര്‍ കൂടി അകലെയുള്ള തുംഗരേശ്വറില്‍ വെച്ചുമാണ് പ്രവര്‍ത്തനം നിലച്ചത്. ഇത് മന്‍സുഖ് അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊലയാളികള്‍ ബോധപൂര്‍വ്വം ചെയ്തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു അവകാശപ്പെട്ട് ഒരാള്‍ വ്യാഴാഴ്ച രാതി എട്ടിന് മന്‍സുഖിനെ ഫോണില്‍ വിളിച്ചിരുന്നു. അയാളെ കാണാന്‍ പോയ മന്‍സുഖ് പിന്നെ തിരിച്ചുവന്നില്ല. മന്‍സുഖിന്റെ ഭാര്യ വിമല നല്‍കിയ പരാതിയില്‍ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസില്‍ നിന്ന് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ എ.ടി.എസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ മാസം 25-നാണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയില്‍ സ്‌കോര്‍പിയോ കണ്ടെത്തിയത്. സ്‌കോര്‍പിയോ മന്‍സുഖ് ഹിരന്റേതാണെന്ന് വ്യക്തമായതോടെ പൊലിസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 

കഴിഞ്ഞ 17-ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ് കേടുവരികയും ഐരോളി പാലത്തിനടുത്ത് നിറുത്തിടുകയും ചെയ്തതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മന്‍സുഖ് ഹിരേന്‍ മൊഴി നല്‍കിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട് മന്‍സുഖ് നല്‍കിയ പരാതിയും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്.

കാണാതാകുന്നതിന് തൊട്ടുമുമ്പ്, കേസില്‍ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവര്‍ത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മന്‍സുഖ് കത്തെഴുതിയിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top