News Desk

2021-03-17 08:14:36 pm IST
തിരുവനന്തപുരം: മലങ്കര എസ്റ്റേറ്റിലെ ജാതിമതില്‍ വിഷയത്തില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ പ്രതിഷേധവുമായെത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തായിരുന്നു ചന്ദ്രശേഖറിന്റെ ട്വീറ്റ്.

നീതി ഉറപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ ഭീം ആര്‍മി അംഗങ്ങളെ അറസ്റ്റ് ചെയ്തു. അവരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ നീതി ഉറപ്പാക്കാന്‍ തങ്ങള്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്.

മാര്‍ച്ച് 16നാണ് മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ച ജാതി ഗേറ്റ് ഭീം ആര്‍മി പൊളിച്ചുമാറ്റിയത്. നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ച ഗേറ്റ് 26 വര്‍ഷമായി പ്രദേശത്തുണ്ട്. 

കളക്ടര്‍ അടക്കമുള്ളവര്‍ ഗേറ്റ് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും എസ്റ്റേറ്റ് മാനേജ്‌മെന്റ് അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകരുടെ ഇടപെടല്‍. സംഭവത്തില്‍ ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, എസ്റ്റേറ്റ് മാനേജ്‌മെന്റ് മതില്‍ സ്ഥാപിച്ചതോടെ കോളനിക്കാര്‍ക്ക് മതില്‍ ചാടിക്കടന്നോ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചോ വേണമായിരുന്നു പുറത്തേക്ക് പോകാന്‍. 

വഴി പ്രശ്‌നം കാരണം ഇവിടെയുണ്ടായിരുന്ന ചില കുടുംബങ്ങള്‍ പ്രദേശം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന നാല്‍പ്പത് കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോകാനുള്ള വഴി തടഞ്ഞാണ് മലങ്കര മാനേജ്മെന്റ് ജാതിഗേറ്റ് സ്ഥാപിച്ചത്.

അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top