News Desk

2021-06-08 01:16:48 pm IST

മലപ്പുറം: മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ചോര്‍ച്ച. പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തിവിവരങ്ങളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.

പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പടെയുള്ളവയാണ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും വിധം ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പട്ടികയാണ് ഓണ്‍ലൈനിലുള്ളത്.

ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ഇതേ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ മൊബൈല്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്ല. എന്നാല്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതോടെ ഈ രംഗത്തെ  വിദഗ്ധര്‍ക്ക് വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ എടുക്കാനാകും. 

ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും മൊബൈല്‍ നമ്പറും ഇതില്‍ ഉണ്ടെന്നിരിക്കെ സാമ്പത്തിക തട്ടിപ്പുകള്‍ക്കുള്‍പ്പടെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. 

ജില്ലാ ഭരണകൂടങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സുരക്ഷിതമായും എളുപ്പത്തിലും വെബ്‌സൈറ്റുകള്‍ ആരംഭിക്കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ സ്വാസ് (SWaaS) എന്ന പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാസ് പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

വ്യക്തിവിവരങ്ങള്‍ അടങ്ങുന്ന ഫയല്‍ രഹസ്യമാക്കി വെച്ചതില്‍ ഉണ്ടായ എന്തെങ്കിലും പിഴവാകാം അത് പരസ്യമായിക്കിടക്കുന്നതിന് വഴിവെച്ചത്. എന്നാലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണിത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top