News Desk

2021-06-23 11:18:49 am IST
മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലാ വിഭജനം ആവശ്യം ഉയര്‍ത്തി വീണ്ടും എസ്.ഡി.പി.ഐ. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപെട്ട് എസ്.ഡി.പി.ഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയും നിയോജകമണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ. കെ. ടി ജലീലിന് നിവേദനം സമര്‍പ്പിച്ചു. ജില്ല വിഭജനം ആവശ്യപ്പെട്ട് മലപ്പുറത്ത് ഹര്‍ത്താലടക്കം സംഘടിപ്പിച്ചിട്ടുള്ള എസ്.ഡി.പി.ഐ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിഷയം ഉയര്‍ത്തുന്നത്.

മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ജില്ലാ വിഭജനം സഹായിക്കുമെന്നാണ് എസ്.ഡി.പി.ഐ നിലപാട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവഗണന കൂടുതല്‍ പ്രകടമാണ്. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗടക്കം സകല സംഘടനകളും പാര്‍ട്ടികളും ഈ ആവശ്യം സജീവമായി ഉയര്‍ത്തുന്നത് ശുഭകരമാണ് എന്നാണ് എസ്.ഡി.പി.ഐ പറയുന്നത്. നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയര്‍ത്തണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ എം.എല്‍.എയോടാവശ്യപ്പെട്ടു.

നേരത്തെ യു.ഡി.എഫിന് ഭരണ കാലത്ത് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന് വിഷയം പ്രമേയത്തിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വന്നതെന്നും ചര്‍ച്ചക്കിടെ നേതാക്കള്‍ എം.എല്‍.എയെ ഓര്‍മ്മിപ്പിച്ചു. 2010-ലാണ് ജില്ലാ വിഭജനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top