News Desk

2022-06-30 04:18:16 pm IST
റിയാദ്: സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ മലയാളി യുവാവിന് 11 കോടിയോളം രൂപ പിഴ. ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.

52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ.  മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ കസ്റ്റംസ് പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. 

പരിശോധനയില്‍ നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കണ്ടെടുത്തത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. 

കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും. എന്നാല്‍ പിഴ അടക്കാന്‍ സാധിച്ചില്ലെങ്കില്‍ 
പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top