News Desk

2021-04-23 08:02:13 pm IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ വാങ്ങുന്നതിനായി ഇന്ന് ലഭിച്ചത് ഒരു കോടിയിലധികം രൂപ. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും കേരളീയരുടെ സംഭാവനകളെത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

സംഭാവന നല്‍കുന്നതില്‍ അധികവും വാക്‌സിന്‍ സ്വീകരിച്ചവരാണ്. വാക്‌സിന്‍ വാങ്ങുന്നതിനായി ജനം നല്‍കുന്ന തുക സംഭരിക്കുന്നതിന് ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന തുക വാക്‌സിനേഷന് വേണ്ടി മാത്രം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.ഡി.ആര്‍.എഫിലേക്ക് ഇന്നലെ മുതല്‍ സംഭാവനകള്‍ പ്രവഹിക്കുകയാണ്. ലോകത്തിന് മാതൃകയായ ജനത ആരുടെയും ആഹ്വാനം അനുസരിച്ചല്ല, മറിച്ച് സ്വയമേ മുന്നോട്ട് വന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ഇന്നുമാത്രം ഒരു കോടിയിലധികം രൂപ  ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണം. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിന് കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 

വാക്‌സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും വേഗം മഹാമാരിയില്‍ നിന്ന് മുക്തി നേടണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് ഏറ്റവും സാധാരണക്കാരനായ ആള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒന്നിച്ചു നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top