News Desk

2021-03-24 04:01:48 pm IST

ഷാര്‍ജ: അജ്മാനിലെ അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശിയെയാണ് തിങ്കളാഴ്ച രാത്രിയോടെ രക്ഷപ്പെടുത്തിയത്. ജോലി വാഗ്ദാനത്തില്‍ പെട്ടാണ് യുവതി അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയത്. 

യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്. യുവതിയുടെ പാസ്പോര്‍ട്ട് തിരികെ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഏല്‍പ്പിക്കാമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.

ഒരാഴ്ച മുന്‍പാണ് യുവതി നാട്ടില്‍നിന്ന് യു.എ.ഇ.യില്‍ എത്തിയത്. ആയുര്‍വേദ നഴ്‌സ് ആയിരുന്നതുകൊണ്ട് തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്. നാട്ടിലെ ഒരു പ്രധാന ആയുര്‍വേദ കേന്ദ്രത്തിന്റെ പേര് കേട്ടതുകൊണ്ടാണ് വന്നതെന്നും എത്തിയതിനുശേഷമാണ് ചതി തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. 

മാസം 30,000 രൂപ യുവതിക്ക് ശമ്പളം നല്‍കുമെന്നും തുടക്കത്തില്‍ 'കമ്പനി' പറഞ്ഞിരുന്നു. നാട്ടില്‍നിന്ന് വരാനായി 15,000 രൂപ വിമാനടിക്കറ്റിന് ചെലവായി. ഫോണ്‍ ചെയ്യാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല. ആഹാരം ഹോട്ടലില്‍നിന്ന് പണം കൊടുത്തുവാങ്ങി കഴിക്കണം. വിമാനത്താവളത്തില്‍നിന്ന് നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.

കേരളത്തിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിന്റെ വ്യാജപേരില്‍ നാട്ടില്‍നിന്ന് യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് വിവരം. അജ്മാനിലെ ഫ്ളാറ്റില്‍ ഇത്തരത്തില്‍ മൂന്നു മലയാളി യുവതികളടക്കം നാലുപേര്‍കൂടി കുടുങ്ങിയിരിക്കുകയാണെന്നും അവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top