News Desk

2021-05-31 06:39:47 pm IST

ദുബൈ: ദുബൈയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയത് വന്‍ തട്ടിപ്പ്. തട്ടിപ്പിനിരയായ 18 മലയാളികള്‍ ഉള്‍പെടെ 40-ഓളം യുവാക്കള്‍ ദുബൈയില്‍ കുടുങ്ങിക്കിടക്കുകയാണ്. യുവാക്കള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.

കോഴിക്കോട് താമസിക്കുന്ന നിലമ്പൂര്‍ സ്വദേശി ശരീഫാണ് തങ്ങളെ ദുബൈയിലെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിച്ച അറിയിപ്പനുസരിച്ചാണ് ശരീഫുമായി ബന്ധപ്പെട്ടത്. നാട്ടില്‍ വെച്ച് ശരീഫിന്റെ അക്കൗണ്ടിലേക്ക് 50000 രൂപ നിക്ഷേപിച്ചു. ദുബൈയില്‍ വിമാനമിറങ്ങിയ ഉടന്‍ 2500 ദിര്‍ഹം (50000 രൂപ) നല്‍കി. 

ഏപ്രില്‍ ഒന്നിനാണ് ദുബൈയില്‍ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ വിവിധയിടങ്ങളില്‍ നിയോഗിക്കുന്ന എന്‍.ക്യൂഎസ്.എസ് എന്ന സ്ഥാപനത്തിന് കീഴിലായിരുന്നു ജോലി. പാക്കിസ്ഥാനികളായിരുന്നു കമ്പനി ഉടമകള്‍. ഏപ്രില്‍ മൂന്നിന് ഒപ്പുവെച്ചകരാര്‍ പ്രകാരം 1800 ദിര്‍ഹം (36,000 രൂപ) ശമ്പളവും താമസവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. 

സെക്യൂരിറ്റി ഗാര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന സിറ കാര്‍ഡ് കിട്ടിയാല്‍ 2260 ദിര്‍ഹം (45,000 രൂപ) ശമ്പളം നല്‍കാമെന്നും പറഞ്ഞു. പാം ജുമൈറയില്‍ നിര്‍മാണം നടക്കുന്ന ഹോട്ടലിന്റെ സെക്യൂരിറ്റി ഗാര്‍ഡായി പല ഷിഫ്റ്റില്‍ ഇവരെ നിയോഗിച്ചു. എന്നാല്‍, രണ്ട് മാസമായിട്ടും ശമ്പളം ലഭിച്ചില്ല. 

അതേസമയം, പാക്കിസ്ഥാനികള്‍ മുങ്ങിയെന്നും കമ്പനി ഏറ്റെടുക്കുമെന്നും ശമ്പളം നല്‍കുമെന്നുമായിരുന്നു ശരീഫ് ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍, കാത്തിരുന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കെ.എം.സി.സി ഓഫിസിനെ സമീപിച്ചു. അവിടെ നിന്നാണ് കോണ്‍സുലേറ്റിലെത്തി പരാതി നല്‍കിയത്.

നാല് പേര്‍ ഒഴികെ എല്ലാവര്‍ക്കും ഒരു മാസത്തെ സന്ദര്‍ശക വിസയാണ് എടുത്തിരുന്നത്. ഇവരുടെ വിസ കാലാവധി കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. തങ്ങള്‍ കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കുന്നതായി വീഡിയോ എടുത്ത് നാട്ടിലേക്ക് അയച്ച് കൂടുതല്‍ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും യുവാക്കള്‍ ആരോപിച്ചു. 

അതേസമയം, യുവാക്കള്‍ തട്ടിപ്പിനിരയായി എന്നത് ശരിയാണെന്നും വിശ്വസിച്ചവര്‍ തന്നെയും ചതിച്ചുവെന്നും ശരീഫ് പറഞ്ഞു. ഇവരുടെ ജോലിയുടെ സബ് കോണ്‍ട്രാക്ട് മറ്റൊരു സ്ഥാപനത്തിന് കൊടുത്തിരുന്നു. അവര്‍ പണം നല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും ശരീഫ് പറഞ്ഞു.


ഫോട്ടോ കടപ്പാട്: മാധ്യമം


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top