News Desk

2021-02-06 02:29:35 pm IST

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറിനെ 'വിട്ടുതരൂ' എന്ന് ആവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ പ്രസിഡന്റ് കുഫോ അഡോയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ട്രോള്‍ വര്‍ഷം.

പി.വി അന്‍വര്‍ ഘാനയിലാണുള്ളതെന്നും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തടവിലാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മലയാളികള്‍ കുഫോ അഡോയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകള്‍ കൊണ്ട് നിറച്ചത്. 

പി.വി അന്‍വറിനെ വിട്ടുതരണമെന്നാണ് മിക്ക കമന്റിലും പറയുന്നത്. ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീഷണിയും ചിലര്‍ മുഴക്കിയിട്ടുണ്ട്. അന്‍വറിനെക്കുറിച്ചുള്ള നിരവധി വിശേഷണങ്ങളും പരിഹാസങ്ങളും കൊണ്ട് സമ്പന്നമാണ് കമന്റുകള്‍. 

ഘാന പ്രസിഡന്റിന്റെ ഏറ്റവും ഒടുവിലത്തെ ഫേയ്ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത് മൂവായിരം കമന്റുകളാണ്. പി.വി അന്‍വറിനെ കാണാനില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം മണ്ഡലത്തിലോ തിരുവനന്തപുരത്തോ സ്വന്തം വീട്ടിലോ ഇല്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുക്കാതിരുന്നതും ആരോപണങ്ങള്‍ക്കിടയാക്കി. 

തന്നെ കാണാനില്ലെന്ന ആരോപണത്തിന് അന്‍വര്‍ ഫേസ്ബുക്കില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണുള്ളതെന്നും ബജറ്റ് സമ്മേളത്തിന് വരാന്‍ തയ്യാറെടുക്കവെ കൊവിഡ് പോസിറ്റീവ് ആയെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ഘാനയിലെ ജയിലിലാണെന്ന അഭ്യൂഹം പ്രചരിച്ചത്. 

താന്‍ ഘാന ജയിലിലാണെന്ന ആക്ഷേപത്തിന് മറുപടിയുമായി അന്‍വര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഘാനയില്‍ ജയിലില്‍ ആണത്രേ ആഗ്രഹങ്ങള്‍ കൊള്ളാം. പക്ഷേ, ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്', എന്നാണ് അന്‍വറിന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top