News Desk

2021-02-21 11:28:00 am IST

കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും എ.ഐ.സി.സി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ലെന്നും ഷമ കൂട്ടിച്ചേര്‍ത്തു.

'ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യു.പിയിലും രാജസ്ഥാനിലുമെല്ലാം മുമ്പിലിരിക്കും സ്ത്രീകള്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോ', ഷമ ചോദിച്ചു. 

'ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എ.ഐ.സി.സി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവര്‍ക്ക് ഞാനെന്ന് എ.ഐ.സി.സിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം.', ഷമ പറഞ്ഞു. 

കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേസമയം, ഇത്തരം നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ മാറ്റമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ സംവരണം നടപ്പാക്കണം. കേന്ദ്ര സര്‍ക്കാരിന് നിയമം പാസ്സാക്കാം. എന്നാല്‍ മോദി സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ് നയം. കോണ്‍ഗ്രസിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാം', ഷമ പറഞ്ഞു.

അതേസമയം, ഷമ മുഹമ്മദ് കണ്ണൂരില്‍ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top