News Desk

2021-05-26 03:09:02 pm IST

ബമാക: മാലിയില്‍ അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് പട്ടാളം. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ അറസ്റ്റു ചെയ്ത ശേഷമാണ് പട്ടാളത്തിന്റെ പ്രഖ്യാപനം. കേണല്‍ അസീമി ഗോയ്റ്റയാണ് ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും രാജ്യത്ത് പട്ടാള അട്ടിമറിയിലൂടെ അധികാരമേറുന്നത്.

പ്രസിഡന്റ് ബാഹ് എന്‍ഡാവ്, പ്രധാനമന്ത്രി മുക്താര്‍ ഔന്‍ എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്ത് പട്ടാള ക്യാമ്പിലേക്ക് മാറ്റിയത്. തലസ്ഥാന നഗരമായ ബമാകയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ കാറ്റിയിലെ സൈനിക ആസ്ഥാനത്ത് കസ്റ്റഡിയില്‍ കഴിയുന്ന ഇവരെ കുറിച്ച് ഒരു സൂചനകളുമില്ല.

അറസ്റ്റിന് ഒരു ദിവസം കഴിഞ്ഞാണ് അധികാരം പിടിക്കുകയാണെന്നും ഒരു വര്‍ഷം കഴിഞ്ഞ് 2022-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും അസീമി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച മുന്‍ പ്രസിഡന്റിനെ കഴിഞ്ഞ ആഗസ്റ്റില്‍ പുറത്താക്കി അസീമി അധികാരം പിടിച്ചെടുക്കുകയാണുണ്ടായത്.

പുതിയ പ്രസിഡന്റ് തന്റെ മന്ത്രിസഭയില്‍ നിന്ന് രണ്ട് സൈനിക പ്രതിനിധികളെ മാറ്റിനിര്‍ത്തിയതാണ് പുതിയ അട്ടിമറിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫ്രാന്‍സിന്റെ മുന്‍ കോളനിയായിരുന്ന ഇവിടെ യൂറോപ്യന്‍ ശക്തി ഇപ്പോഴും കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. പുതിയ നീക്കം സൈനിക അട്ടിമറിയാണെന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top