News Desk

2021-03-31 05:53:35 pm IST

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ കത്ത്. ശരദ് പവാര്‍, എം.കെ സ്റ്റാലിന്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാള്‍, നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ക്കാണ് മമത കത്തയച്ചത്. 

എന്നാല്‍, സി.പി.ഐ, സി.പി.ഐ.എം കക്ഷിനേതാക്കള്‍ക്ക് അവര്‍ കത്തയച്ചിട്ടില്ല. ജനാധിപത്യത്തിന് നേരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഐക്യത്തോടെ സമരമുഖത്തിറങ്ങണമെന്നാണ് കത്തിലുള്ളത്. 

ബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്നിന് നടക്കാനിരിക്കെയാണ് മമത പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പ്രതിപക്ഷ കക്ഷികള്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ചിരിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. 

രാജ്യത്തെ ജനങ്ങള്‍ക്ക് ബി.ജെ.പിക്ക് പകരം വിശ്വാസയോഗ്യമായ ഒരു ബദല്‍ മുന്നോട്ടുവെക്കുക എന്നതാണ് കത്തില്‍ മമത ഊന്നുന്നത്. ജനാധിപത്യത്തിനും കോര്‍പറേറ്റിവ് ഫെഡറലിസത്തിനും നേരെയുള്ള ബി.ജെ.പിയുടെ കടന്നുകയറ്റങ്ങളെ ചെറുക്കേണ്ട ആവശ്യകതയെ പറ്റി മമത കത്തില്‍ വിശദീകരിക്കുന്നുണ്ട്. 

ഡല്‍ഹിയില്‍ ലഫ. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി പാസാക്കിയ വിവാദ നിയമം ചൂണ്ടിക്കാട്ടിയാണ് മമത ഇത് വിശദീകരിച്ചിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ക്ക് ഭരണഘടനാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയാണ് ബി.ജെ.പിയുടെ ഉന്നം. സംസ്ഥാന സര്‍ക്കാറുകളുടെ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന അവര്‍, സംസ്ഥാന സര്‍ക്കാറുകളെ കേവലം മുനിസിപ്പാലിറ്റികള്‍ മാത്രമായി തരംതാഴ്ത്താനാണ് ശ്രമിക്കുന്നത്.

ഒരു ഏകകക്ഷി ഭരണത്തിന്റെ സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത വ്യക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയെന്ന നിലയില്‍, ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളുമായും തുറന്ന മനസ്സോടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവര്‍ കത്തില്‍ കുറിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top