News Desk

2021-06-11 02:13:05 pm IST

ചെന്നൈ: കമ്യൂണിസ്റ്റ് കുടുംബത്തിലെ സോഷ്യലിസം മമത ബാനര്‍ജിയെ വിവാഹം ചെയ്യും. തമിഴ്‌നാട് സേലത്താണ് ഈ കല്യാണം നടക്കുന്നത്. ഞായറാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിലെ വരന്റെ പേരാണ് 'സോഷ്യലിസം'. വധുവിന്റെ പേര് 'മമത ബാനര്‍ജി'.

സേലത്തെ സി.പി.ഐയുടെ ജില്ലാ സെക്രട്ടറിയാണ് വരന്റെ പിതാവ് എ.മോഹന്‍. 18-ാം വയസ്സു മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ട് മോഹന്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണു തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേര്‍ന്നു നില്‍ക്കുന്ന പേരിടാന്‍ തീരുമാനിച്ചതെന്നു മോഹന്‍ പറയുന്നു.

മൂന്നു ആണ്‍കുട്ടികളാണ് മോഹനു ജനിച്ചത്. കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ് മൂത്തമക്കളുടെ പേര്. 2016-ലെ തെരഞ്ഞെടുപ്പില്‍ വീരപാണ്ഡി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു മോഹന്‍.

കമ്യൂണിസം ഇപ്പോഴൊരു അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് ആഭരണ നിര്‍മാണശാല നടത്തുന്നു. മൂവരും കടുത്ത പാര്‍ട്ടി അനുഭാവികള്‍. ലെനിനിസം തന്റെ മകന് മാര്‍ക്‌സിസം എന്നാണ് പേരിട്ടിരിക്കുന്നത്. 

സോഷ്യലിസം വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരാണ് വധുവിന്. മമത ബാനര്‍ജി നേരത്തേ കോണ്‍ഗ്രസുകാരിയായിരുന്നു. അതിനാലാണ് ആ പേര് മകള്‍ക്കിടാന്‍ കാരണമായതെന്ന് വധുവിന്റെ കുടുംബവും പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top