കോഴിക്കോട്: നാദാപുരം തൂണേരി സ്വദേശിയായ ഖത്തര്‍ പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും കോഴിക്കോട് റൂറല്‍ എസ്.പി എസ്. ശ്രീനിവാസ് പറഞ്ഞു.
തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തിന് അഹമ്മദിനെ കാണിച്ച് കൊടുത്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് എം.ടി.കെ അഹമ്മദിനെ വീടിനടുത്തു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു.
പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇപ്പോള്‍ അധികം വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിച്ച ശേഷം കൈയും കാലും കെട്ടിയിട്ട് വായയും കണ്ണും മൂടിയാണ് കൊണ്ട് പോയതെന്ന് അഹമ്മദ് വെളിപ്പെടുത്തിയിരുന്നു.
ഖത്തറിലെ കെമിക്കല്‍സ് വ്യവസായവുമായി ബന്ധമുള്ള നേരിട്ട് പരിചയമുള്ള മൂന്ന് പേരെയാണ് അഹമ്മദ് സംശയിക്കുന്നത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരുന്നത് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഗള്‍ഫില്‍ നിന്നാണ് തട്ടിക്കൊണ്ട് പോകലിന്റെ ആസൂത്രണവും നിയന്ത്രണവും നടന്നതെന്നും പൊലീസ് പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക