News Desk

2021-04-29 02:40:27 pm IST

ആഗ്ര: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് പൊലീസിനോട് കരഞ്ഞ് അപേക്ഷിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ പുറത്ത്. സാദറില്‍ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നില്‍നിന്നുള്ളതാണ് ഈ കാഴ്ച. രാജ്യത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ആയിരങ്ങള്‍ മരിച്ചുവീഴുന്നതിനിടെയാണ് സംഭവം.

'എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്'- പൊലീസിനോട് രോഗിയുടെ മകന്‍ കരഞ്ഞു പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇയാള്‍ യാചിക്കുന്നതോടെ പൊലീസ് വഴിമാറി പോകുന്നതും രണ്ടുപേര്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പോകുന്നതും വിഡിയോയിലുണ്ട്. കരയുന്ന വ്യക്തിയുടെ മാതാവ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. അവര്‍ക്ക് ആവശ്യമായി വരുന്ന ഓക്‌സിജനാണെന്ന് കൊണ്ടുപോകുന്നതെന്ന് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

'ദയവായി കൊണ്ടുപോകരുത്. ഞാന്‍ എവിടെനിന്ന് ഇനി സിലിണ്ടര്‍ സംഘടിപ്പിക്കും. എന്റെ അമ്മയെ തിരികെ കൊണ്ടുവരുമെന്ന് എന്റെ കുടുംബത്തിന് വാക്കുകൊടുത്തിട്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്.',  രോഗിയുടെ മകന്‍ പറയുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നില്‍ക്കുന്ന പൊലീസുകാരെയും കാണാം.

തിങ്കളാഴ്ച വൈകുന്നേരമാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഓക്സിജന്‍ നിറച്ച സിലിണ്ടറുകള്‍ പൊലീസുകാര്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയെന്ന ആരോപണത്തിനെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് രംഗത്തെത്തി. 

രണ്ടു ദിവസം മുമ്പ് ആഗ്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നു. അപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കൈമാറിയ സിലിണ്ടറുകളാണ് എടുത്തുകൊണ്ടുപോയത്. സിലിണ്ടറുകള്‍ കാലിയായിരുന്നു. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് സിലിണ്ടര്‍ എത്തിച്ചുനല്‍കാന്‍ പൊലീസിനോട് അഭ്യര്‍ഥിക്കുന്നതാണ് വിഡിയോയിലുള്ളതെന്നും പൊലീസ് അറിയിച്ചു. ഇത്തരം വിഡിയോകള്‍ പ്രചരിപ്പിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നു പുറത്തുപറയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും യോഗി പറഞ്ഞിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top