News Desk

2021-02-05 04:04:22 pm IST

മുംബൈ: അഞ്ച് രൂപ വിലയുള്ള പലഹാരം വാങ്ങിത്തരാന്‍ ആവശ്യപ്പെട്ട് കരഞ്ഞ 20 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം. 

സംഭവത്തില്‍ പിതാവ് വിവേകിനെ (28) അറസ്റ്റു ചെയ്തു. മുംബൈയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ ലോനാര ഗ്രാമത്തിലാണ് സംഭവം. ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന 'ഖാജ' എന്ന പലഹാരം വാങ്ങിനല്‍കാന്‍ മാതാവിനോട് കുഞ്ഞ് ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനോട് അഞ്ച് രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി കുഞ്ഞിന്റെ തല വാതിലില്‍ തുടര്‍ച്ചയായി ഇടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാതാവ് മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തലക്കും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാതാവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. 

മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018-ലാണ് ഇരുവരും വിവാഹിതരായത്. പ്രതി മദ്യലഹരിയില്‍ നിരന്തരം മര്‍ദ്ദനത്തിനിരയാക്കിയതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതി 2019-ലാണ് തിരിച്ചെത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top