News Desk

2021-03-29 09:08:27 pm IST
ഹൈദരാബാദ്: ഡേറ്റിംഗ് ആപ്പുകളുടെ മറവില്‍ തട്ടിപ്പ് നടത്തുന്ന സംഘം പെരുകി വരുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവാവിന് നഷ്ടമായത് 41.5 ലക്ഷം രൂപയാണ്. 

ഡേറ്റിങ് പരസ്യം കണ്ട് ബന്ധപ്പെട്ട തെലങ്കാന സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതയായി ഹൈദരാബാദ് സൈബര്‍ സെല്‍ അറിയിച്ചു. ഇവരുടെ കൂട്ടാളികള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇന്റര്‍നെറ്റ് പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിച്ച യുവാവ് പ്രതികളുമായി ബന്ധപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനും സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നതിന്റെ പേരിലും സെക്സ് ടോയ്സ് വാങ്ങാനാണെന്നും പറഞ്ഞ് യുവാവില്‍ നിന്ന് ഇവര്‍ 41.5 ലക്ഷം രൂപ തട്ടിയെടുത്തത്. 

പണം ലഭിച്ചതിനു പിന്നാലെ പ്രതികള്‍ യുവാവിന്റെ ഫോണ്‍ എടുക്കുന്നത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് താന്‍ തട്ടിപ്പിനിരയായെന്ന് യുവാവിന് വ്യക്തമായത്. തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഘം വിവിധ വെബ്സൈറ്റുകളില്‍ ഡേറ്റിങ് പരസ്യങ്ങള്‍ നല്‍കിയിരുന്നതായും കണ്ടെത്തി. പ്രതികളെ പിടികൂടിയെങ്കിലും ഇവര്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

പ്രതികളുടെ പക്കല്‍ നിന്ന് നാല് ഫോണുകളും മൂന്ന് സിം കാര്‍ഡും ഒരു ഡെബിറ്റ് കാര്‍ഡും കണ്ടെത്തി. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ണാടക സ്വദേശിയും ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിരുന്നു. 

നഗ്‌ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബെംഗളൂരു സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തത്. 16 ലക്ഷം രൂപയായിരുന്നു പ്രതികള്‍ ഇയാളില്‍ നിന്ന് തട്ടിയെടുത്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top