News Desk

2021-04-21 06:04:11 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്ന ശേഷം ആശുപത്രി കവാടത്തില്‍ ഉപേക്ഷിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സബാഹ് അല്‍ സലീം നഗരത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.

30-കാരനായ കുവൈത്ത് പൗരന്‍ ഫഹദ് സുബഹി മുഹമ്മദാണ് പ്രതി. വിവാഹാഭ്യര്‍ഥന നിരസരിച്ചതിന്റെ പ്രതികാരമായാണ് യുവതിയെ കുത്തിക്കൊന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ സഹോദരി കുവൈത്ത് പൗരനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് യുവാവ് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

മക്കളുമൊത്ത് പോവുകയായിരുന്ന യുവതിയെ വഴിയില്‍ വച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം വാഹനത്തില്‍ വെച്ചുതന്നെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പത്തിലേറെ തവണയാണ് യുവാവ് യുവതിയെ കുത്തിയത്. മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം യുവതിയുടെ മൃതദേഹവും കുട്ടികളെയും നഗരത്തിലെ ആശുപത്രിയുടെ ഗേറ്റില്‍ ഇറക്കിയ ശേഷം കടന്നുകളയുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ യുവാവ് പിടിയിലാവുകയുമുണ്ടായി. യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്ക് ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്ന് നൂറുകണക്കിന് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top