News Desk

2021-03-09 10:28:55 pm IST

ദുബൈ: ഉറങ്ങി കിടന്നിരുന്ന സഹമുറിയനെ തലക്കടിച്ച് കൊന്ന 46-കാരനായ പ്രവാസി ദുബൈയില്‍ അറസ്റ്റില്‍. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇതാണ് തര്‍ക്കത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിന് ശേഷം പ്രതി തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൂടെ താമസിക്കുന്ന യുവാവ് കട്ടിലില്‍ നിന്നും വീണ് മരിച്ചുവെന്നായിരുന്നു ഇയാള്‍ പൊലീസില്‍ ആദ്യം അറിയിച്ചത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരും ക്രൈം രംഗത്തെ വിദഗ്ധരും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ യുവാവ് കട്ടിലില്‍ നിന്ന് വീണ് മരിച്ചതല്ലെന്ന് പൊലീസിന് വ്യക്തമായി.

മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി ഓഫീസിലേക്ക് മാറ്റി. പുലര്‍ച്ചെ അഞ്ചുമണിയോടെ മുറിയില്‍ നിന്ന് പോയതാണെന്നും തിരിച്ച് വന്നപ്പോള്‍ അയാള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടെതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ പ്രതിയുടെ ശരീരത്തിലെ രക്തക്കറയും ഇരയുടെ രക്ത സാമ്പിളും ഒന്നായിരുന്നു. മരിച്ച യുവാവിന്റെ തലയില്‍ അടികിട്ടിയതിന്റെ പാടും കൈകള്‍ ഒടിഞ്ഞ നിലയിലും ആയിരുന്നു എന്ന് ഫോറന്‍സിക് വിദഗ്ധന്‍ കണ്ടെത്തി. ഇതിനു ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. 

കുറ്റകൃത്യത്തിന് ശേഷം കൊലപാതകത്തിനായി ഉപയോഗിച്ച് ആയുധം മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞെന്നും അദ്ദേഹം സമ്മതിച്ചു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top