News Desk

2022-06-23 09:06:01 pm IST
അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദിയില്‍ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ സദാചാര ആക്രമണം. യുവാവ് ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ വൈറലായതോടെ 
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച രാം കി പൗഡി ഘട്ടിലാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാല്‍ എന്നാണ് ഈ സംഭവം നടന്നതെന്ന് ഇതുവരെ കൃത്യമായി കണ്ടെത്താനായിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ വൈറലായത്. 

അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവര്‍ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

പിന്നാലെ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിനെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിച്ചില്ല. ക്രൂരമര്‍ദനത്തിന് ഒടുവില്‍ ജനക്കൂട്ടം തന്നെ ഭര്‍ത്താവിനെ വലിച്ച് കരയിലും കയറ്റുന്നുണ്ട്.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ദമ്പതികളെയും അവരെ ആക്രമിച്ച അക്രമികളെയും കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top