News Desk

2021-03-15 10:16:14 am IST

കല്‍പ്പറ്റ: മാനന്തവാടിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പിന്‍മാറി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. 

'ബി.ജെ.പിയുടെ പ്രഖ്യാപനം ഞാന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പണിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ നാമനിര്‍ദേശം ചെയ്തതില്‍ അഭിമാനമുണ്ട്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ താല്‍പ്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം. ഞാന്‍ ബി.ജെ.പി അനുഭാവി അല്ല, അതുകൊണ്ട് ബി.ജെ.പിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണ്.', മണിക്കുട്ടന്‍ വ്യക്തമാക്കി. 

'ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാര്‍ത്ത കാണുമ്പോഴാണ് സ്ഥാനാര്‍ഥിയായ വിവരം എറിയുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്ന മണിക്കുട്ടന്‍ എന്നപേര് കണ്ടപ്പോള്‍ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുശേഷമാണ് ബി.ജെ.പി. ജില്ലാകമ്മിറ്റിയംഗങ്ങള്‍ വിളിക്കുന്നതും സ്ഥാനാര്‍ഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബി.ജെ.പി സ്ഥാനാര്‍ഥിയായി നിയോജകമണ്ഡലത്തില്‍ മത്സരിക്കണമോ എന്നകാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ആലോചിച്ച ശേഷം സ്ഥാനാര്‍ഥിയാകേണ്ട എന്നാണ് തീരുമാനം.', മണിക്കുട്ടന്‍ പറഞ്ഞു.


പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി.എക്കാരനാണ് 31-കാരനായ മണിക്കുട്ടന്‍. മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കള്‍. ഭാര്യ: ഗ്രീഷ്മ. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top