News Desk

2021-02-13 10:28:38 am IST
കൊച്ചി: പാലാ എം.എല്‍.എ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്ന് അദേഹം മാധ്യമങ്ങളെ അറിയിച്ചു. എന്‍.സി.പി എല്‍.ഡി.എഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.

നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയില്‍ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

താന്‍ പാലായില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. വമ്പന്‍ വികസനങ്ങളാണ് പാലായില്‍ താന്‍ എം.എല്‍.എ ആയ ശേഷം നടന്നത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താന്‍ നല്‍കിയ അപേക്ഷകള്‍ക്കൊക്കെ അനുമതി നല്‍കിയത് അദ്ദേഹമാണ്. എന്നാല്‍, സീറ്റ് നല്‍കുന്ന കാര്യം വന്നപ്പോള്‍ മുന്നണി തന്നെ അവഗണിച്ചു. തന്നോടൊപ്പമുള്ള പ്രവര്‍ത്തകരുടെയും ദേശീയ നേതൃത്വത്തില്‍ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് മുന്നണിമാറ്റമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം, കോഴിക്കോട് ജില്ല കമ്മിറ്റി എന്‍.സി.പി ഔദ്യോഗിക വിഭാഗത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പറഞ്ഞു. മാണി സി കാപ്പന് ആരുടേയും പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയില്‍ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍.സി.പി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

അതേസമയം, മാണി സി കാപ്പന്റേത് കാലുമാറ്റമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണിത്. എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തന്നെ പാലായില്‍ ഇനിയും ജയിക്കും. മാണി സി കാപ്പന്‍ പോയത് എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top