News Desk

2021-04-07 10:25:36 pm IST
കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് അക്രമം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരില്‍ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമണം ഉണ്ടായി.

സി.പി.ഐ.എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ ആരംഭിച്ച വിലാപ യാത്രയ്ക്കിടെയാണ് സി.പി.ഐ.എം
 ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. 

മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്ന് വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് പുല്ലൂക്കരയില്‍ മന്‍സൂറിന്റെ ഖബറടക്കത്തിന് ശേഷം രാത്രി എട്ടുമണിയോടെയായിരുന്നു അക്രമം. 

ഖബറടക്കം കഴിഞ്ഞ് മടങ്ങിയവര്‍ പെരിങ്ങത്തൂര്‍ ടൗണിലുള്ള സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയുടെയും ലോക്കല്‍ കമ്മിറ്റിയുടെ ഓഫീസുകള്‍ തകര്‍ത്ത് ഫര്‍ണിച്ചര്‍ കത്തിക്കുകയായിരുന്നു.

വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ തുടക്കത്തില്‍ അക്രമം നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് കൂടുതല്‍ പൊലീസും ആര്‍.പി.എഫും എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top