News Desk

2021-10-13 10:45:35 am IST
കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 

മാപ്പിളപ്പാട്ടില്‍ പുതിയ പരിക്ഷണങ്ങള്‍ കൊണ്ട് വന്ന് ജനകീയമാക്കി. 1935-ല്‍ ഉണ്ണീന്‍ മുസ് ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി കൊണ്ടോട്ടിക്ക് സമീപം പുളിക്കലിലായിരുന്നു ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957-ല്‍ കൊളത്തൂരിലെ എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി. 1985-ല്‍ അധ്യപനരംഗത്ത് നിന്ന് വിരമിച്ചു.

1954-ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957-ല്‍ ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചു.

ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയില്‍ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റുകള്‍ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാര്‍ക്ക് ആന്റണി അടക്കം എട്ടോളം സിനിമകളില്‍ പാടിയ വി.എം. കുട്ടി മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എം.എന്‍. കാരശ്ശേരിയുമായി ചേര്‍ന്ന് 'മാപ്പിളപ്പാട്ടിന്റെ ലോകം' എന്ന കൃതി രചിച്ചിട്ടുണ്ട്. മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് (2020), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം നല്‍കി വി.എം കുട്ടിയെ ആദരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top