News Desk

2021-06-10 10:45:00 pm IST
തൃശൂര്‍: കൊച്ചിയില്‍ ഫ്ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ (26) തൃശൂര്‍ വനമേഖലയില്‍വച്ച് പൊലീസ് പിടികൂടി. പേരാമംഗലം പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ, തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.നിസാര്‍ എന്നിവരുടെ നേതൃത്വത്തില്‍  തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ  പരിശോധനയിലാണ് വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഇയാളെ രാത്രി കൊച്ചിയിലെത്തിക്കും.

ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ പരാതിയുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്‌ളാറ്റ് ഒഴിവാക്കി മാര്‍ട്ടിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ട്ടിന്‍ തൃശൂര്‍ മുണ്ടൂരിലെത്തിയെന്നു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. മാര്‍ട്ടിന്‍ കോഴിക്കോട്ട് അടുത്ത ബന്ധുവിന്റെ വീട്ടിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മാറി താമസിക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും സഹായിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. മാര്‍ട്ടിന്റെ സഹോദരനെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top