News Desk

2021-04-19 06:23:31 pm IST

തിരുവനന്തപുരം: കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂട്ട കൊവിഡ് ബാധ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെയും ഇന്നുമായി 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോട്ടയം മെഡിക്കല്‍ കോളേജില്‍ 12 ഡോക്ടര്‍മാര്‍ക്കും ശ്രിചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി, പള്‍മനറി മെഡിസിന്‍ വിഭാഗങ്ങളിലാണ് കൊവിഡ് കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഒ.പിയിലടക്കം കടുത്ത നിയന്ത്രണം വരും. ഡോക്ടര്‍മാര്‍ക്കിടയില്‍ രോഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്. 

ഏപ്രില്‍ ഒന്നിന് ശേഷം 26 ഡോക്ടര്‍മാര്‍ക്കും 22 നഴ്‌സുമാര്‍ക്കും എട്ട് പി.ജി വിദ്യാര്‍ഥികള്‍ക്കും മറ്റ് 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 43 പേരുണ്ട്.

നാളെ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. കൂട്ടിരിക്കുന്നയാള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചു പി.ജി ഡോക്ടര്‍മാര്‍ക്കും നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനും അടക്കം 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒ.പി പരിശോധനയിലും കിടത്തിച്ചികിത്സയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ കൊവിഡ് ബാധ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിയന്ത്രണം. ഇന്നലെയും ഇന്നുമായി ശ്രീചിത്ര ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. 

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുന്നത്. ഹൃദയരോഗ വിഭാഗത്തില്‍ ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികള്‍ക്കാണ് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത്. രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകള്‍ നിലവിലുള്ള കൊവിഡ് വ്യാപനം കുറയുന്നത് അനുസരിച്ച് പുനക്രമീകരിച്ചു നല്‍കും. 

ശ്രീ ചിത്രയില്‍ രജിസ്റ്റര്‍ ചെയ്ത ഫയലുള്ള രോഗികള്‍ക്ക് ഡോക്ടറുമായി ടെലിഫോണില്‍ സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. ഡോക്ടര്‍ ഒപ്പിട്ട പ്രിസ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. 

റിവ്യൂ ഫീസ് ഓണ്‍ലൈന്‍ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കല്‍ റെക്കോര്‍ഡ്സ് ഡിപ്പാര്‍ട്‌മെന്റ് മെസേജ് ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ തരുന്നതായിരിക്കും. 04712524535/435/615. ഇ-മെയില്‍ (mrd@sctimst.ac.in) ആയും ടെലിമെഡിസിന്‍ അപേക്ഷ നല്‍കാവുന്നതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top