News Desk

2021-02-11 09:03:16 pm IST
കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മാസങ്ങളായി ജയിലിലായിരുന്ന മഞ്ചേശ്വരം എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ എം.സി.കമറുദ്ദീന്‍ ജയില്‍മോചിതനായി. 93 ദിവസത്തിന് ശേഷമാണ് കമറുദ്ദീന് ജാമ്യം ലഭിച്ചത്. പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കേസുകളിലും കോടതിയില്‍ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീന്റെ ജയില്‍ മോചനം സാധ്യമായത്. 

ജയില്‍ മോചിതനായ എം.എല്‍.എയെ സ്വീകരിക്കാന്‍ അണികളും ബന്ധുക്കളും ജയിലില്‍ എത്തിയിരുന്നു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ കൂടി കഴിഞ്ഞ ദിവസം എം.എല്‍.എക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന എം.എല്‍.എ പുറത്തിറങ്ങിയത്. 

ജയിലില്‍ നിന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ എം.എല്‍.എ വികാരാധീനനായി പൊട്ടിക്കരയുകയും ചെയ്തു. തനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ടായെന്ന് എം.എല്‍.എ പറഞ്ഞു. തന്നെ മൂന്ന് മാസം ജയിലില്‍ പൂട്ടിയിട്ടു. ഇതിലൊന്നും ആരോടും പരിഭവമില്ല. ജയിലില്‍ കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരെന്നും കമറുദ്ദീന്‍ പറഞ്ഞു. 

റസാഖ് മാസ്റ്ററുടെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോള്‍ മുതലാണ് തുടങ്ങിയതാണ് തനിക്കെതിരെയുള്ള ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ വരെ അതിന്റെ ഭാഗമാണ്- കമറുദ്ദീന്‍ പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളില്‍ എം.എല്‍.എയുടെ കൂട്ടുപ്രതിയും ജ്വല്ലറി എം.ഡിയുമായ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. മഞ്ചേശ്വരത്ത് കമറുദ്ദീന് വീണ്ടുമൊരവസരം കൊടുക്കാന്‍ ഇനി മുസ്ലീം ലീഗ് തയ്യാറാവില്ല എന്നാണ് സൂചന. 

2020 നവംബര്‍ ഏഴിനാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.എല്‍.എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം.സി കമറുദ്ദീന്‍ അറസ്റ്റിലായത്. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top