News Desk

2021-02-03 06:05:44 pm IST

ദോഹ: ലോക പ്രശസ്ത മാധ്യമ ശൃംഖലകളിലൊന്നായ യൂറോ ന്യൂസുമായി തന്ത്രപ്രധാന പങ്കാളിത്തത്തില്‍ ഒപ്പുവെച്ചതായി മീഡിയ സിറ്റി ഖത്തര്‍ അറിയിച്ചു. പ്രധാന മാധ്യമങ്ങളെ ഖത്തറിലേക്ക് ആകര്‍ഷിക്കാനുള്ള മീഡിയ സിറ്റിയുടെ ശ്രമത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ കരാര്‍.

കാരാര്‍ പ്രകാരം യുവ മാധ്യമ പ്രൊഫഷണലുകളുടെയും വിദ്യാര്‍ത്ഥികളുടെയും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മീഡിയ സിറ്റിയില്‍ ഒരു റീജ്യണല്‍ ഓഫീസും മീഡിയ അക്കാദമിയും സ്ഥാപിക്കും. 

ഖത്തരി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന പരിപാടികള്‍ യൂറോ ന്യൂസ് രൂപകല്‍പ്പന ചെയ്യും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെയും യുവ പ്രൊഫഷണലുകളെയും മീഡിയ എക്‌സിക്യൂട്ടീവുകളെയും ശാക്തീകരിക്കുന്നതിനാണ് യൂറോ ന്യൂസ് അക്കാദമി സ്ഥാപിച്ചത്. 

ഖത്തറിലെ യൂറോ ന്യൂസ് അക്കാദമി പ്രോഗ്രാമില്‍ അത്യാധുനിക ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ഉണ്ടായിരിക്കും. തത്സമയ പരിശീലനങ്ങളും ലഭ്യമാക്കും. ഇംഗ്ലീഷിലും അറബിയിലും സേവനം ലഭ്യമാകും. പ്രാദേശിക സര്‍വകലാശാലകളുമായി സഹകരിച്ച്  പ്രത്യേക പരിശീലനങ്ങള്‍, ക്ലാസുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ തുടങ്ങിയവ ലഭ്യമാക്കും. 

എല്ലാ പ്രായത്തിലുമുള്ള പ്രത്യേകിച്ച് യുവാക്കളെ ലക്ഷ്യമിട്ട് പ്രാദേശികമായി നിര്‍മ്മിക്കുന്ന പരിപാടികളും മീഡിയ സിറ്റിയും യൂറോ ന്യൂസും തമ്മിലുള്ള കരാറില്‍ ഉള്‍പ്പെടുന്നു. ബിസിനസ്, സംസ്‌കാരം, വിനോദം, കറന്റ് അഫയേഴ്‌സ് തുടങ്ങിയ വിഷയങ്ങലിലാവും പരിപാടികള്‍ ഉണ്ടാകുക. എല്ലാ പ്രോഗ്രാമുകളും യൂറോ ന്യൂസിന്റെ വിവിധ പതിപ്പുകളിലും പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

''ലോകമെമ്പാടും അറിയപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക കമ്പനികള്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായി മീഡിയ സിറ്റി മാറുന്നതിനുള്ള ഒരു സുപ്രധാന ഘട്ടത്തെ ഈ പങ്കാളിത്തം പ്രതിനിധീകരിക്കുന്നു. ഇത്തരത്തിലുള്ള കൂടുതല്‍ തന്ത്രപരമായ പങ്കാളിത്തത്തില്‍ ഒപ്പുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് മേഖലയിലുടനീളമുള്ള മാധ്യമ മേഖലയുടെ കൂടുതല്‍ വികസനത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.'', ഖത്തര്‍ മീഡിയ സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ബദര്‍ അല്‍ സാദ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top