News Desk

2021-10-13 07:25:40 pm IST
അബുദാബി: അബുദാബിയില്‍ ഭര്‍ത്താവിന്റെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ. തന്റെ ഭര്‍ത്താവിനെ ചികിത്സിച്ച ആശുപത്രി അധികൃതരും ഡോക്ടറും കുറ്റക്കാരണെന്നും ഇവര്‍ തനിക്ക് 15 ലക്ഷം ദര്‍ഹം (മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. 

അബുദാബി സിവില്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതോടെ താന്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. മൂത്രം പോകാന്‍ ട്യൂബ് ഇട്ടതിന് ശേഷവും മൂത്ര തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 60 വയസുകാരനെ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചത്.

രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ ബാധിതനാണ് രോഗിയെന്ന് സംശയിച്ചതിനെ തുടര്‍ന്ന് പിന്നീട് ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. രോഗിക്ക് വേദന കഠിനമായതോടെ പാലിയേറ്റീവ് കീമോ തെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

മുഴ കണ്ടെത്താന്‍ വൈകിയത് കാരണം അതിനുള്ള ചികിത്സ നല്‍കാന്‍ ഏഴ് മാസം താമസിച്ചു. ഇത് ക്യാന്‍സര്‍ വ്യാപിക്കാനും രോഗിയുടെ നില മോശമാവാനും കാരണമായി. ഇതാണ് അവസാനം മരണത്തില്‍ കലാശിച്ചതെന്നും യുവതി പരാതിയില്‍ ആരോപിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top