News Desk

2021-03-27 07:07:30 pm IST
കെയ്‌റൊ: സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ കപ്പല്‍ രണ്ട് ദിവസത്തിനുള്ളില്‍ നീക്കുമെന്ന് കപ്പല്‍ ഉടമ. ജപ്പാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കപ്പല്‍ ഉടമ യുകിതോ ഹിഗാകിയാണ് വിവരം അറിയിച്ചത്. കപ്പല്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇന്നോ നാളെയോ തന്നെ കപ്പല്‍ നീക്കുമെന്നും അദ്ദേഹം അറിയിച്ചു.

കപ്പലില്‍ വെള്ളം കയറിയിട്ടില്ലെന്നും കപ്പലിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദേഹം പറഞ്ഞു. കപ്പല്‍ വെള്ളത്തില്‍ നീങ്ങാന്‍ തുടങ്ങിയാല്‍ നീക്കാന്‍ കഴിയുന്നതായും കപ്പല്‍ നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹിഗാകി അറിയിച്ചു.

മാര്‍ച്ച് 23നാണ് നാല് ഫുട്‌ബോള്‍ ഗ്രൗണ്ടിനെക്കാള്‍ വലിപ്പമുള്ള എം.വി എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സൂയസ് കനാലില്‍ വിലങ്ങനെ കുടുങ്ങിയത്. ഇത് മൂലം ഇരു വശങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 200ലധികം കപ്പലുകളാണ് മുന്നോട്ടുനീങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത്. ഇത് 350 വരെ ഉയരുമെന്നാണ് സൂചന. എണ്ണ അടക്കമുള്ള സുപ്രധാന ചരക്കുകള്‍ നീക്കുന്ന കപ്പലുകളാണ് ഇവ. ഗതാഗത തടസ്സം മൂലം ചരക്കുനീക്കത്തിനും തടസ്സം നേരിടുകയാണ്.

അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ നാലിന പദ്ധതി മുന്നോട്ടുവച്ചു. ചരക്കുകളെ പ്രാധാന്യത്തിനനുസരിച്ച് തരം തിരിക്കുക, ചരക്ക് കൂലി നിയന്ത്രിക്കുക, തുറമുഖങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കല്‍, കപ്പലുകളെ വഴിതിരിച്ച് വിടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പദ്ധതി. പെട്രോളിയം ഉല്‍പന്നങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, ഇരുമ്പ്, സ്റ്റീല്‍, ഓട്ടോമൊബൈല്‍, തുണിത്തരങ്ങള്‍, ഫര്‍ണീച്ചര്‍, തുകല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവകളാണ് സൂയസ് കനാലിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.

നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ് ഇത്. മൂന്നു വര്‍ഷം മുമ്പ് ജപ്പാനില്‍ നിര്‍മിച്ചതാണ് ഈ കപ്പല്‍. രണ്ടു ലക്ഷം ടണ്‍ ആണ് കപ്പലിന്റെ ചരക്ക് ശേഷി. ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top