Article Desk

പ്രജിത ബാലചന്ദ്രൻ

2020-05-21 03:40:54 pm IST

ഇന്ത്യയിലെ ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നിട്ടും കൊറോണ വൈറസ് വ്യാപനം പോലെ തന്നെ അനന്തമായി നീളുകയാണ് വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം. മാർച്ച് 25 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയതാണീ അഭയാർത്ഥി പ്രവാഹം.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലിതേടി ഡൽഹിയിലെത്തിയ അന്തർ സംസ്ഥാന  തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടപലായനത്തിന്റെ ദയനീയ ചിത്രങ്ങൾ കേവലം ഒരു നഗരത്തിന്റെ മാത്രം ആയിരുന്നില്ല.രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർമ്മാണ തൊഴിലാളികൾ, വീട്ടു ജോലിക്കാർ തുടങ്ങി നിത്യവേതനക്കാരായവർക്ക്  തങ്ങളുടെ  തൊഴിലും വാസസ്ഥലവും നഷ്ടപ്പെട്ടു. ഭക്ഷണം പോലുമില്ലാതെ ലക്ഷക്കണക്കിന് ദരിദ്ര കുടിയേറ്റക്കാരാണ് ബസുകളിൽ കുത്തിഞെരുങ്ങിയും കാൽനടയായും സ്വന്തം നാടുകളിലേക്ക്  പലായനം ചെയ്യുന്നത്.  

കൊറോണ വൈറസിന്റെ  കാഠിന്യമോ അതു പകരാനുള്ള സാദ്ധ്യതയോ ഇവരെ അലട്ടുന്നില്ല. എങ്ങനെയും തങ്ങളുടെ ഗ്രാമങ്ങളിലെത്തിയാൽ  മതിയെന്ന ചിന്തയിലാണ് ഭൂരിഭാഗം ആളുകളും. വഴിവക്കുകളിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷണവും കുടിവെള്ളവുമാണ് ഇവർക്ക് ഏക ആശ്വാസം. എന്നാൽ ഇതുപോലും ലഭിക്കാതെ അനേകം ആളുകൾ ഉണ്ട് ഇക്കൂട്ടത്തിൽ.  

വൈറസ് വ്യാപനം പോലെ തന്നെ വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ വിഷയത്തെ എന്തുകൊണ്ടാണ് അധികാരികൾ പരിഗണിക്കാത്തത്  എന്നത് വ്യക്തമല്ല. ഈ അടുത്ത് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊവിഡ് രക്ഷാ പാക്കേജിൽ ഇക്കൂട്ടരെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് മാത്രമല്ല  ഈ പ്രശ്നം ഉന്നയിച്ചവരുടെ വായടപ്പിക്കുന്നതരത്തിൽ വരെ കാര്യങ്ങൾ നീങ്ങുകയുണ്ടായി.  

ഡൽഹിയിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ കാത്തിരിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുമായി  കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിയുടെ നടപടി അഭിനയമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ എഴുതി തള്ളിയിരുന്നു. ഇത്തരത്തിലുള്ള നടപടികളെല്ലാം സംഘ്പരിവാർ സർക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന്റെ തുടർച്ചയായിതന്നെ കാണാം.

ലോക്ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ ഇക്കഴിഞ്ഞ ഞായറാഴ്ചവരെ 139 അന്തർ സംസ്ഥാനത്തൊഴിലാളികൾ മടക്കയാത്രയ്ക്കിടെയുള്ള വാഹനാപകടങ്ങളിൽ മരിച്ചുവെന്നാണു കണക്ക്.  മധ്യപ്രദേശിലേക്കുള്ള പലായനത്തിനിടെ, 40 കിലോമീറ്റർ നടന്നുതളർന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ  റെയിൽപാളത്തിൽ അന്തിയുറങ്ങിയ 16 അന്തർ സംസ്ഥാനത്തൊഴിലാളികൾ ചരക്കു ട്രെയിനിനടിയിൽപെട്ടു മരിച്ചതടക്കം രാജ്യത്തെ ഞെട്ടിച്ച പല അപകടങ്ങളും ഇതിനോടകം ഉണ്ടായി.

ഏകദേശം പതിനാലായിരം ട്രെയിനുകളിലായി 2.3 കോടി യാത്രക്കാർ ദിവസവും യാത്ര ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം സ്വന്തമായുള്ള ഇന്ത്യയ്ക്ക് അന്തർ സംസ്ഥാനത്തൊഴിലാളികളെ തിരികെ അവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇതുവരെ എത്രത്തോളം മുന്നേറാനായി എന്ന കാര്യത്തിൽ ആത്മപരിശോധന ആവശ്യമായിവരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കുടുങ്ങി കിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ തിരികെ ഗ്രാമങ്ങളിൽ  എത്തിക്കുന്നതിനായി  ആയിരം ബസ്സുകള്‍  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ അതിർത്തികളിൽ  തയ്യാറാണെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ തൊഴിലാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്.

അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കും മറ്റും നാട്ടിലേക്കു മടങ്ങാനായി, മേയ് ഒന്നുമുതൽ ഇതുവരെ സജ്ജമാക്കിയത് ആയിരത്തിഅഞ്ഞൂറോളം പ്രത്യേക ശ്രമിക് ട്രെയിനുകളാണ്.

ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യാനുള്ള ചെലവ് ആരു വഹിക്കും എന്നതിനെപ്പറ്റി ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്. ചില സംസ്ഥാനങ്ങൾ ട്രെയിനുകൾക്ക് അനുമതി നൽകാൻ കാലതാമസം വരുത്തുകയും ചെയ്തു. പ്രത്യേക ട്രെയിൻ സർവീസുകൾ വഴി ഇതിനോടകം 20 ലക്ഷം ആളുകളെയെങ്കിലും സ്വന്തം നാട്ടിലെത്തിച്ചെന്ന്  റെയിൽവേ അവകാശപ്പെടുന്നുണ്ടെങ്കിലും കോടിക്കണക്കിനു പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന യാഥാർഥ്യം പറയാതെ വയ്യ.

ഇപ്പോഴത്തെ  സാഹചര്യത്തിൽ, സാധ്യമായത്ര ശ്രമിക് ട്രെയിനുകൾ രാജ്യത്താകെ സർവീസ് നടത്തി, പരമാവധി തൊഴിലാളികളെ അവരവരുടെ നാട്ടിലെത്തിക്കുന്നത്തിന്റെ മുഖ്യ ഉത്തരവാദിത്തം  റെയിൽവേ ഏറ്റെടുത്തേ തീരൂ. ശ്രമിക് ട്രെയിനുകളുടെ യാത്രയ്ക്കു സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന്  കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ ട്രെയിനിൽ നാട്ടിലെത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ ഇറക്കിയിട്ടുമുണ്ട്. സുരക്ഷിതമായ ബസ് സർവീസുകൾ സജ്ജമാക്കുന്നതും ആലോചിക്കേണ്ടിയിരിക്കുന്നു.  

വിവിധ സംസ്ഥാനങ്ങളിലെ  തൊഴിലാളികളെ എത്രയും വേഗം അവരുടെ ഗ്രാമങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതിൽ‌ ഇനിയും കാലതാമസം ഉണ്ടായിക്കൂടാ. റെയിൽപാളത്തിലോ പാതയോരത്തോ ഒരു അതിഥിത്തൊഴിലാളിയുടെ പോലും ജീവിതം അവസാനിച്ചുകൂടാ എന്ന ദൃഢനിശ്ചയത്തോടെയുള്ള ഏകോപിത നടപടികളാണ് കേന്ദ്ര –സംസ്ഥാന സർക്കാരുകളിൽനിന്ന് ഉണ്ടാവേണ്ടത്. യാഥാർഥ്യങ്ങളെ അതേമട്ടിൽ അംഗീകരിച്ച് രാജ്യത്തെ പുനഃസംഘടിപ്പിക്കുകയാണ് വേണ്ടത്. പ്രതികാര രാഷ്ട്രീയം അവസാനിപ്പിച്ച് രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കുകയാണ് ഇപ്പോൾ മുന്നിലുള്ള മാർഗം. 

ALSO WATCH



Top