News Desk

2021-03-11 01:19:53 pm IST

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമായിരുന്നു അന്ന് നടന്നതെന്നും കടകംപള്ളി പറഞ്ഞു. 

സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തായാലും വിശ്വാസികളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചേ തീരുമാനത്തിലെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. 

'2018-ലെ ശബരിമല പ്രശ്‌നം യഥാര്‍ത്ഥത്തില്‍ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങള്‍ അവിടെ നടന്നു. 2018-ന് മുമ്പുള്ള തീര്‍ത്ഥാടന കാലത്തേക്കാള്‍ മനോഹരമായ ഉത്സവങ്ങള്‍ ആയിരുന്നു എന്ന് ഭക്തര്‍ തന്നെ പറഞ്ഞു. എല്ലാ തീര്‍ത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാന്‍.', കടകംപള്ളി പറഞ്ഞു. 

'2018-ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ആ സംഭവത്തില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ പരിഗണനയിലിരിക്കുകയാണ് വിധി. അത് എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ. അക്കാര്യം ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുമുണ്ട്. അന്നെടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.', മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന്‍ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. 

ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി.പി.ഐ.എം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാല്‍ സാധിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top